ജമ്മു: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ നിയന്ത്രണരേഖയോടു ചേർന്നുകിടക്കുന്ന സ്ഥലങ്ങളിൽ മൈനുകൾ പൊട്ടിത്തെറിച്ചതിനു പിന്നിൽ കാട്ടുതീയെന്ന് റിപ്പോർട്ട്. പൂഞ്ചിലെ മെന്ദാർ സെക്ടറിലാണ് സംഭവം. തിങ്കളാഴ്ച നിയന്ത്രണരേഖയ്ക്ക് അപ്പുറം ആരംഭിച്ച തീ മെന്ധർ സെക്ടറിൽ വച്ച് ഇന്ത്യൻ മേഖലയിലേക്കു കടക്കുകയായിരുന്നുവെന്ന് അധികൃതരെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
നുഴഞ്ഞുകയറ്റം തടയാൻ അതിർത്തിയിൽ സ്ഥാപിച്ചിരുന്ന അരഡസനിലേറെ മൈനുകൾ ഇങ്ങനെ പൊട്ടിത്തെറിച്ചിട്ടുണ്ട്. ‘കഴിഞ്ഞ മൂന്നു ദിവസമായി കാട്ടുതീ പടർന്നു പന്തലിക്കുകയാണ്. വനംവകുപ്പിനൊപ്പം സൈന്യവും ചേർന്നാണ് തീയണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തുന്നത്. തീ ഒരു വിധം നിയന്ത്രണവിധേയമായതായിരുന്നു. എന്നാൽ ബുധനാഴ്ച രാവിലെ ധരംഷൽ ബ്ലോക്കിലുണ്ടായ തീ കാറ്റിനെത്തുടർന്ന് വലിയ വേഗത്തിൽ വ്യാപിച്ചു’ – വനപാലകനായ കനാർ ഹുസൈൻ ഷാ പറഞ്ഞു.
രജൗരി ജില്ലയിൽ, അതിർത്തിക്കടുത്തുള്ള സുന്ദർബന്ദി മേഖലയിൽ മറ്റൊരു വൻ തീപിടിത്തമുണ്ടായി. ഗംഭീർ, നിക്ക, പഞ്ച്ഗ്രെ, ബ്രഹ്മന, മൊഗാല തുടങ്ങിയ വനമേഖലകളിലേക്കും തീ വ്യാപിച്ചു. കളകോട്ടയിലെ കലാർ, റന്തൽ, ചിംഗി വനങ്ങളിലും തീപിടിത്തമുണ്ടായി.
















