ശ്രീലങ്ക കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. ഭരണപക്ഷത്തെ അനുകൂലിക്കുന്നവരും സര്‍ക്കാര്‍ വിരുദ്ധ സമരക്കാരും തമ്മില്‍ സംഘര്‍ഷങ്ങളും ശ്രീലങ്കയില്‍ ഇപ്പോള്‍ പതിവ് കാഴ്ചയാണ്. ഈസാഹചര്യത്തില്‍ ശ്രീലങ്കയില്‍ നടക്കുന്ന പ്രതിഷേധ പ്രകടനങ്ങളില്‍ നിന്നുള്ളതാണെന്ന് അവകാശപ്പെടുന്ന നിരവധിവീഡിയോകളും ഫോട്ടോകളും സമൂഹമാധ്യമങ്ങളില്‍ പ്രചാരത്തിലുണ്ട്. അത്തരത്തില്‍ വൈറലായ ഒരു വീഡിയോയാണ് ഇവിടെ പരിശോധിക്കുന്നത്. ലംബോര്‍ഗിനി ഉള്‍പ്പെടെ പാര്‍ക്ക് ചെയ്തിരിക്കുന്ന ഒരു കൂട്ടം ആഡംബര കാറുകള്‍ അഗ്‌നിക്കിരയാക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. ഈ ആഡംബര കാറുകള്‍ ശ്രീലങ്കന്‍ മുന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്സെയുടെ മകന്റെതാണെന്നാണ് വീഡിയോ ഷെയര്‍ ചെയ്യുന്നവര്‍ അവകാശപ്പെടുന്നത്.
ഇതിന്റെ ആധികാരികത പരിശോധിക്കാന്‍ ഞങ്ങള്‍ ശ്രീലങ്കയില്‍ അടുത്തിടെ ആഡംബരകാറുകള്‍ കത്തിച്ചതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പശോധിച്ചു. ഇതില്‍ നിന്നും പ്രചാരത്തിലുള്ള വീഡിയോയോട് സാമ്യമുള്ള നിരവധി വീഡിയോകള്‍ ശ്രീലങ്കയില്‍ നിന്നുള്ള മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചതായി കണ്ടെത്താന്‍ സാധിച്ചു. ഈ റിപ്പോര്‍ട്ടുകള്‍ പ്രകാരം വീഡിയോയില്‍ കാണുന്നത് ശ്രീലങ്കയിലെ അവെന്റ ഗാര്‍ഡന്‍സ് ഹോട്ടലില്‍ നിന്നുള്ള കാറുകളാണ്. ശ്രീലങ്കയിലെ നെഗോമ്പോയിലെ മിരിഗാമ റോഡിലാണ് അവെന്റ ഹോട്ടല്‍. ഹോട്ടലിന്റെ ഉടമ സച്ചിത് ഡി സില്‍വയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഓസ്ട്രേലിയയില്‍ ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് പഠിച്ചതിന് ശേഷം 2016 മുതല്‍ അവെന്റ ഗ്രൂപ്പിന്റെ ഡയറക്ടറാണ് സച്ചിത് ഡി സില്‍വ എന്ന് അയാളുടെ ലിങ്ക്ഡ്ഇന്‍ പേജ് പറയുന്നു. സച്ചിത്തിന്റെ ഫെയ്സ്ബുക്ക് പേജ് പരിശോധിച്ചാല്‍ ആഡംബര വാഹനങ്ങളോടുള്ള അയാളുടെ താല്‍പ്പര്യം വ്യക്തമാകും.
വൈറല്‍ വീഡിയോയില്‍ കണ്ട അതേ വാഹനങ്ങളുടെ ചിത്രങ്ങളും ഇയാളുടെ ഫേസ്ബുക് പേജില്‍ കാണാം. സച്ചിത്തിന്റെ ആസ്തി ഏകദേശം $10 മില്യണ്‍ ആയിരിക്കുമെന്നും ഇയാള്‍ ആഡംബര ജീവിതം നയിക്കുന്ന വ്യക്തിയാണെന്നും ഓണ്‍ലൈന്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു, എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരിച്ച വിവരങ്ങളൊന്നുമില്ല. വൈറല്‍ വീഡിയോയില്‍ കാണുന്ന അതേ സെറ്റ് കാറുകള്‍ കാണിക്കുന്ന നിരവധി വീഡിയോകള്‍ ഞങ്ങള്‍ക്ക് യൂ ട്യൂബിലും കണ്ടെത്താന്‍ സാധിച്ചു. ശ്രീലങ്കയില്‍ നിന്നുള്ള നിരവധി വ്യക്തികളും വീഡിയോയില്‍ കാണുന്നത് അവെന്റ ഗാര്‍ഡന്‍സ് ഹോട്ടലിലെ ആഡംബര കാറുകളുടെ ശേഖരമാണെന്ന് ട്വിറ്ററില്‍ പറയുന്നതും ശ്രദ്ധയില്‍പ്പെട്ടു. അവെന്റ ഹോട്ടല്‍സിന്റെ ഉടമ ശ്രീലങ്ക പൊതുജന പെരമുനയുടെയോ നിലവിലെ സര്‍ക്കാര്‍ കൈവശമുള്ള എസ്എല്‍പിപിയുടെയോ പിന്തുണ ഉള്ള വ്യക്തിയാണെന്നും ട്വിറ്റര്‍ ഉപയോക്താക്കളില്‍ ഒരാള്‍ അവകാശപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ പ്രചാരത്തിലുള്ള വീഡിയോയില്‍ കാണുന്ന കാറുകള്‍ രാജപക്സെയുടേതല്ലെന്ന് വ്യക്തമാണ്.