ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പേരറിവാളനെ ജയിൽ മോചിതനാക്കാൻ വൈകിച്ചതില്‍ തമിഴ്നാട് ഗവര്‍ണര്‍ക്ക് സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം. വിഷയത്തിൽ തീരുമാനമെടുക്കാതെ രാഷ്ട്രപതിക്ക് വിട്ടത് ഭരണഘടനാ ലംഘനമെന്നാണ് കോടതിയുടെ വിമർശനം.
തെരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയുടെ ശിപാർശക്കനുസരിച്ചല്ലേ ഗവർണർ പ്രവർത്തിക്കേണ്ടതെന്ന് സുപ്രീംകോടതി ചോദിച്ചു. ഗവർണർ സ്വന്തം താൽപര്യമല്ല നടപ്പാക്കേണ്ടത്. സംസ്ഥാന സർക്കാറിന്റെ ചെറുരൂപം മാത്രമാണ് ഗവർണർ എന്നും മോചന ശിപാർശയിൽ കാലതാമസം ഉചിതമല്ലെന്നും കോടതി വിമർശിച്ചു. പേരറിവാളന്റെ മോചനം നൽകിയ ഉത്തരവിലാണ് കോടതിയുടെ വിമർശനം.
ഭരണഘടനയുടെ അനുഛേദം 142 ഉപയോഗിച്ചാണ് സുപ്രീം കോടതി പേരറിവാളനെ ജയിൽ മോചിതനാക്കാൻ ഉത്തരവിട്ടത്. 31 വർഷത്തിന് ശേഷമാണ് പേരറിവാളന്റെ മോചനം. പേരറിവാളന് മാപ്പ് നല്കി വിട്ടയയ്ക്കാന് 2018ല്‍ തമിഴ്നാട് സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് ശിപാര്‍ശ ചെയ്തിരുന്നു. ഇക്കാര്യത്തിൽ ഇതുവരെ തീരുമാനമായിരുന്നില്ല. തുടര്‍ന്നാണ് പേരറിവാളന് സുപ്രീംകോടതിയെ സമീപിച്ചത്.
മൂന്ന് പതിറ്റാണ്ട് നീണ്ട നിയമപോരാട്ടത്തിന് ഒടുവിലാണ് പേരറിവാളന് നീതി ലഭിക്കുന്നത്. 1991 ജൂണിൽ പേരറിവാളൻ അറസ്റ്റിലാകുമ്പോൾ 19 വയസ്സാണ് പ്രായം. രാജീവ് ഗാന്ധിയുടെ കൊലയാളികൾക്ക് ബോംബ് ഉണ്ടാക്കാൻ ബാറ്ററി നൽകി എന്നതാണ് കുറ്റം. 1998 ൽ ടാഡാ കോടതി പേരറിവാളൻ ഉൾപ്പെടെ 25 പ്രതികൾക്ക് വധശിക്ഷ വിധിച്ചു. 2014ൽ സുപ്രീം കോടതി ശിക്ഷ ജീവപര്യന്തമാക്കി കുറച്ചു.
26 വർഷത്തെ ജയിൽ വാസത്തിന് ശേഷം 2017 ജനുവരി 24നാണ് പേരറിവാളന് ആദ്യമായി പരോൾ അനുവദിച്ചത്. പിന്നീട് എട്ട് തവണ പേരറിവാളന് പരോൾ അനുവദിച്ചിരുന്നു. കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് പേരറിവാളന് അവസാനമായി പരോളിൽ ഇറങ്ങിയത്.
















