കൊച്ചി: മുഖ്യമന്ത്രിയെ പട്ടി എന്ന് വിളിച്ചിട്ടില്ല എന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. അത് മലബാറിലെ സാധാരണ പ്രയോഗമാണ്. തന്നെ അറസ്റ്റ് ചെയ്യുന്നുണ്ടെങ്കിൽ അറസ്റ്റ് ചെയ്യട്ടെ. ഇത് വെള്ളരിക്ക പട്ടണം അല്ല. എൽഡിഎഫ് പ്രചരണത്തിന് ഉപയോഗിച്ചാൽ 10 വോട്ട് കൂടുതൽ കിട്ടുമെന്നും സുധാകരൻ പറഞ്ഞു.
താൻ പറഞ്ഞത് മോശം പരാമർശമായിട്ട് തോന്നുന്നുവെങ്കിൽ അത് പിൻവലിക്കുന്നുവെന്നും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. ഭരണസംവിധാനം ദുരുപയോഗം ചെയ്തതിനേയാണ് കുറ്റപ്പെടുത്തിയത് എന്ന് സുധാകരൻ പറഞ്ഞു.
തൃക്കാക്കരയിലെത്തി മുഖ്യമന്ത്രി പണം ധൂര്‍ത്തടിക്കുന്നുവെന്നാണ് താന്‍ പറഞ്ഞതെന്ന് കെ സുധാകരന്‍ പറയുന്നു. സംസ്ഥാനത്ത് വലിയ സാമ്പത്തിക പ്രതിസന്ധിയുള്ളപ്പോള്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പണം ധൂര്‍ത്തടിക്കുവെന്നാണ് താന്‍ ചൂണ്ടിക്കാട്ടിയത്. തന്റെ പരാമര്‍ശം ഉപതെരഞ്ഞെടുപ്പില്‍ വിവാദമാക്കാം എന്ന കരുതേണ്ടെന്നും ഇതൊന്നും ജനങ്ങളോട് വിലപ്പോകില്ലെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
തൃക്കാക്കര തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫിന് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയൻ മണ്ഡലത്തിൽ പ്രചാരണത്തിനിറങ്ങിയതിനെതിരെയാണ് കെ സുധാകരൻ രംഗത്തെത്തിയത്. രൂക്ഷ ഭാഷയിലുള്ള കെ സുധാകരന്റെ പരാമർശം സിപിഎം പ്രചരണായുധമായി ഉപയോഗിക്കുകയും ചെയ്തിരുന്നു. സമൂഹ മാധ്യമങ്ങളിൽ വിഷയം വൻതോതിൽ ചർച്ചയാവുകയും യുഡിഎഫിന് തിരിച്ചടിയാവുകയും ചെയ്തതോടെയാണ് സുധാകരൻ പരാമർശത്തിൽ മറുപടിയുമായി രംഗത്തെത്തിയത്.
മുഖ്യമന്ത്രിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ സുധാകരനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ ആവശ്യപ്പെട്ടിരുന്നു. ചങ്ങല പൊട്ടിയ നായ എന്ന പ്രയോഗം സംസ്‌കാര ശൂന്യമെന്നാണ് എല്‍ഡിഎഫ് കണ്‍വീനറുടെ വിമര്‍ശനം. കെ സുധാകരനെതിരെ നിയമപരമായി പരാതി നല്‍കുമെന്ന് ഇ പി ജയരാജന്‍ അറിയിച്ചു.