പാലക്കാട്: സൈലന്റ് വാലി വനത്തിൽ വെച്ച് കാണാതായ വനംവകുപ്പ് വാച്ചർ രാജനുവേണ്ടി ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്. രാജൻ തമിഴ്നാട്ടിൽ എത്തിയിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം.
രാജന്റെ തമിഴ്‌നാട്ടിലെ സുഹൃത്തുക്കളുടെ വീടുകളില്‍ പൊലീസ് അന്വേഷണം നടത്തിവരികയാണ്. അന്വേഷണ പുരോഗതി വിലയിരുത്താന്‍ നാളെ യോഗവും ചേരാനിരിക്കുകയാണ്. രാജനുവേണ്ടി ദിവസങ്ങളോളം വനത്തിനകത്ത് നടത്തിയ തെരച്ചിൽ കഴിഞ്ഞദിവസം അവസാനിപ്പിച്ചിരുന്നു.
മെയ് മൂന്നാം തീയതി രാത്രി മുതലാണ് വനംവകുപ്പ് വാച്ചറായ പുളിക്കാഞ്ചേരി രാജനെ കാണാതായത്. ഇതുനുപിന്നാലെ വനംവകുപ്പ് ഉദ്യോഗസ്ഥരും, തണ്ടർ ബോൾട്ടും, പൊലീസും, നാട്ടുകാരും സംയുക്തമായി വനത്തിനകത്ത് വ്യാപകമായ തെരച്ചിൽ നടത്തിയിരുന്നു. രാജന്‍റെ വസ്ത്രവും, ടോർച്ചും കിടന്ന സ്ഥലത്ത് നിന്നും 50 മീറ്റർ ദൂരംവരെ പൊലീസ് നായ മണം പിടിച്ച് പോയെങ്കിലും രാജനെ കണ്ടെത്താനായിരുന്നില്ല.
രാജനായി കാടിനകത്ത് ഇനിയും തെരച്ചില്‍ നടത്തേണ്ടെന്ന തീരുമാനത്തിലാണ് വനംവകുപ്പ്. കാടിനകത്ത് വിദഗ്ധരെ ഉള്‍പ്പെടുത്തിയുള്ള തെരച്ചിലാണ് അവസാനിപ്പിച്ചത്. വാച്ചര്‍മാര്‍ ഉള്‍പ്പെടുന്ന ചെറു സംഘങ്ങളായുള്ള തെരച്ചില്‍ തുടരും. രണ്ടാഴ്ച 150 ഓളം വനംവകുപ്പ് ജീവനക്കാര്‍ നടത്തിയ പരിശോധയാണ് അവസാനിപ്പിച്ചത്. തിരോധാനം അന്വേഷിക്കുന്ന പ്രത്യേക പൊലീസ് സംഘത്തിന് രാജനെ കുറിച്ച് ഇതുവരെ സൂചനകള്‍ ഒന്നും കിട്ടിയിട്ടില്ല.