ആര്‍ദ്രം മിഷന്റെ രണ്ടാം ഘട്ട പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നിര്‍വഹിക്കും. നവകേരളം കര്‍മ്മപദ്ധതി രണ്ടിന്റെ ഭാഗമാണിത്. വൈകുന്നേരം 3.30ന് ഓണ്‍ലൈന്‍ വഴിയാണ് അദ്ദേഹം പദ്ധതി ഉദ്ഘാടനം ചെയ്യുക. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും.
രണ്ടാം ഘട്ടത്തില്‍ വിഭാവനം ചെയ്തിരിക്കുന്ന 10 പദ്ധതികളില്‍ സുപ്രധാനങ്ങളായ മൂന്ന് പദ്ധതികളുടെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി നിര്‍വഹിക്കുന്നത്. വണ്‍ ഹെല്‍ത്ത്, വാര്‍ഷിക ആരോഗ്യ പരിശോധനാ പദ്ധതി, കാന്‍സര്‍ നിയന്ത്രണ പദ്ധതി എന്നിവയാണവ. ഈ പദ്ധതികള്‍ ആരോഗ്യ മേഖലയ്ക്ക് കരുത്താകും.
ഇന്ത്യയില്‍ ആദ്യമായി വണ്‍ ഹെല്‍ത്ത് പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കുന്നു. മഹാമാരികളുടെ പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പ് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് വണ്‍ ഹെല്‍ത്ത്. മനുഷ്യന്റെ ആരോഗ്യത്തോടൊപ്പം തന്നെ മൃഗങ്ങളുടേയും പരിസ്ഥിതിയുടേയും ആരോഗ്യം നിലനിര്‍ത്തി രോഗ പ്രതിരോധമാണ് വണ്‍ ഹെല്‍ത്തിലൂടെ ലക്ഷ്യമിടുന്നത്. ജന്തുജന്യ രോഗങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണമായ സംഭവങ്ങളുടെ നിരീക്ഷണം, ഇതിലേക്ക് നയിക്കുന്ന ഘടകങ്ങളെ നേരത്തെ കണ്ടെത്തല്‍, ആവശ്യകത അനുസരിച്ചുള്ള പങ്കാളിത്ത ഇടപെടലുകള്‍ എന്നിവയാണ് വണ്‍ ഹെല്‍ത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍. ഘട്ടം ഘട്ടമായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വണ്‍ ഹെല്‍ത്ത് പദ്ധതി നടപ്പിലാക്കും.
ജീവിതശൈലി രോഗങ്ങള്‍ കണ്ടെത്തി വിദഗ്ധ ചികിത്സ നല്‍കുന്നതിന് സംസ്ഥാന ആരോഗ്യവകുപ്പ് ആരംഭിക്കുന്ന പദ്ധതിയാണ് വാര്‍ഷിക ആരോഗ്യ പരിശോധന. ഈ പദ്ധതിയിലൂടെ മുപ്പത് വയസിന് മുകളിലുള്ള എല്ലാ വ്യക്തികളുടെയും ജിവിതശൈലീ രോഗങ്ങളെ സംബന്ധിച്ചും അതിലേക്ക് നയിക്കുന്ന കാരണങ്ങളെ കുറിച്ചുമുള്ള വിവരശേഖരണം നടത്തുന്നതിന് ആശ പ്രവര്‍ത്തകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതിനായി ഇ ഹെല്‍ത്ത് മുഖേന ശൈലി എന്ന പേരില്‍ ആപ്പ് സജ്ജമാക്കിയിട്ടുണ്ട്. ആശ പ്രവര്‍ത്തകര്‍ വിവരശേഖരണം നടത്തി കഴിയുമ്പോള്‍ തന്നെ ആ പ്രദേശത്തെ ആരോഗ്യ വിവരങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ലഭ്യമാകുന്നതാണ്. ഇതിലൂടെ പ്രാദേശികമായിട്ടും സംസ്ഥാനതലത്തിലുമുള്ള ജിവിതശൈലീ രോഗങ്ങളുടെ യഥാര്‍ത്ഥകണക്ക് ലഭ്യമാകുന്നതാണ്. ഇത് ആരോഗ്യ പദ്ധതികളുടെ ആസൂത്രണത്തിനും ചികിത്സയ്ക്കും ഏറെ സഹായകരമാകുന്നതാണ്.
കാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന ആരോഗ്യ വകുപ്പ് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് കാന്‍സര്‍ നിയന്ത്രണ പദ്ധതി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തോടെ കാന്‍സര്‍ സെന്ററുകളുടേയും ആശുപത്രികളുടെയും സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ശാസ്ത്രീയമായ അവബോധം നല്‍കി കാന്‍സര്‍ കുറച്ച് കൊണ്ടുവരിക, കാന്‍സര്‍ പ്രാരംഭ ദിശയില്‍ കണ്ടെത്തുന്നതിനുള്ള സൗകര്യങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ഒരുക്കി പരമാവധി കാന്‍സര്‍ പ്രാരംഭ ദിശയില്‍ തന്നെ കണ്ടെത്തുക, കാന്‍സര്‍ സെന്ററുകളേയും, മെഡിക്കല്‍ കോളേജുകളെയും ജില്ലാ, ജനറല്‍, താലൂക്ക് ആശുപത്രികളേയും ഉള്‍പ്പെടുത്തി കാന്‍സര്‍ കെയര്‍ ഗ്രിഡ് രൂപീകരിച്ച് കാന്‍സര്‍ ചികിത്സ വികേന്ദ്രീകരിക്കുക എന്നിവയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
രോഗം, ചികിത്സ എന്ന രീതിയില്‍ നിന്ന് മാറി ആരോഗ്യം, സൗഖ്യം എന്ന ആശയത്തിന് പ്രചരണം നല്‍കുകയും, തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ആരോഗ്യകരമായ ജീവിതം പ്രോത്സാഹിപ്പിക്കാനുള്ള ജനകീയ ഇടപെടലുകള്‍ നടത്തുകയുമാണ് ആര്‍ദ്രം മിഷന്‍ രണ്ടാം ഘട്ടത്തില്‍ പ്രധാനമായും ഉദ്ദേശിക്കുന്നത്. എല്ലാവര്‍ക്കും താങ്ങാവുന്നതും പ്രാപ്യവും സമഗ്രവും ഗുണനിലവാരമുള്ളതുമായ ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുന്നത് വഴി സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുകയാണ് ആര്‍ദ്രം മിഷന്റെ ലക്ഷ്യമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.