പയ്യന്നൂർ: ശുചിമുറിയിൽ പച്ചക്കറികളും ഭക്ഷ്യധാന്യങ്ങളും സംഭരിച്ചുവെച്ചതിലൂടെ വിവാദമായ പിലാത്തറയിലെ കെ.സി റസ്റ്റാറന്റ് ഭക്ഷ്യസുരക്ഷാവിഭാഗം പൂട്ടിച്ചു. ഫുഡ്സേഫ്റ്റി വിഭാഗം കണ്ണൂർ അസി. കമീഷണർ ടി.എസ്. വിനോദ്കുമാറിന്റെ നിർദേശപ്രകാരമാണ് നടപടി. ചെറുതാഴം പഞ്ചായത്ത് പ്രസിഡന്റ് എം. ശ്രീധരന്റെയും പഞ്ചായത്ത് ആരോഗ്യവിഭാഗത്തിന്റെയും സാന്നിധ്യത്തിൽ തളിപ്പറമ്പ് ഭക്ഷ്യസുരക്ഷാ ഓഫിസർ യു. ജിതിൻറെ നേതൃത്വത്തിൽ മൂന്ന് മണിക്കൂറോളം നടന്ന പരിശോധനക്കുശേഷമാണ് നോട്ടീസ് നൽകിയത്. ഞായറാഴ്ച ബന്തടുക്കയിലെ ഡോക്ടറും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും കണ്ടതിനപ്പുറം നിരവധി പ്രശ്നങ്ങൾ റെയ്ഡിൽ ബോധ്യപ്പെട്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു. അടുക്കളയിൽ ഈച്ച, പൂച്ച, വിവിധ പ്രാണികൾ, പാറ്റകൾ ഉണ്ടായതായി യു. ജിതിൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
ന്യൂനതകൾ സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കുമെന്നും വീണ്ടും പരിശോധന നടത്തിയതിനുശേഷം മാത്രമേ ഹോട്ടൽ തുറന്നു പ്രവർത്തിപ്പിക്കാൻ സാധിക്കൂവെന്നും ജിതിൻ പറഞ്ഞു. ചെറുതാഴം കമ്യൂണിറ്റി ഹെൽത്ത് സെന്ററിലെ മെഡിക്കൽ ഓഫിസർ ഡോ. രഞ്ജിത്ത്, പഞ്ചായത്ത് സെക്രട്ടറി കെ.വി. സതീശൻ, ഹെൽത്ത് ഇൻസ്പെക്ടർ ബാലകൃഷ്ണൻ, ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരായ കെ.വി. സുരേഷ് കുമാർ, സന്തോഷ് എന്നിവരും റെയ്ഡിൽ പങ്കെടുത്തു.
അതിനിടെ ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ ഹോട്ടലുടമയും സഹോദരിയും സുരക്ഷാജീവനക്കാരനും റിമാൻഡിലായി. കക്കൂസിനുള്ളിൽ ഭക്ഷണസാധനങ്ങളും പച്ചക്കറികളും സൂക്ഷിച്ചതിന്റെ ഫോട്ടോയും വിഡിയോയും എടുത്ത ഡോക്ടറെ ആക്രമിച്ച സംഭവത്തിലെ പ്രതികളായ ചുമടുതാങ്ങി കെ.സി ഹൗസിൽ മുഹമ്മദ് മൊയ്തീൻ (28), സഹോദരി സമീന (29), സെക്യൂരിറ്റി ജീവനക്കാരൻ ചെറുകുന്നിലെ ടി. ദാസൻ (70) എന്നിവരെയാണ് പയ്യന്നൂർ മജിസ്ട്രേട്ട് കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തത്.