ചെറുപുഴ: കാര്യങ്കോട് പുഴയിൽ ഞായറാഴ്ച ഉച്ചക്ക് കാണാതായ പെരിങ്ങോം സ്വദേശിയെ കണ്ടെത്താനായില്ല. പെരിങ്ങോം കൊരങ്ങാട് സ്വദേശി പ്രദീപനെയാണ് (42) ഞായറാഴ്ച ഉച്ച മൂന്നോടെ കാര്യങ്കോട് പുഴയുടെ ചെറുപുഴ പുതിയ പാലം ഭാഗത്ത് കാണാതായത്.
തിങ്കളാഴ്ച രാവിലെ അഗ്നിരക്ഷ സേനയുടെ പ്രത്യേകം പരിശീലനം നേടിയ മുങ്ങൽ വിദഗ്ധരടങ്ങിയ സ്കൂബ ടീമും എത്തി മണിക്കൂറുകളോളം തിരച്ചിൽ നടത്തിയെങ്കിലും ശ്രമം വിഫലമായി. സ്റ്റേഷൻ ഓഫിസർ സി.പി. രാജേഷ്, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർമാരായ സി. ശശിധരൻ, കെ.കെ.വി. ഗണേശൻ, പെരിങ്ങോം, തൃക്കരിപ്പൂർ, പയ്യന്നൂർ ഫയർ സ്റ്റേഷനുകളിലെ സ്കൂബ ടീം അംഗങ്ങളായ കെ. ഗോപി, പി. രാജേഷ്, കെ. ഉന്മേഷ്, മറ്റ് ജീവനക്കാരായ പി. പ്രസാദ്, പി.വി. ലതേഷ്, പി. അനിലേഷ്, പി.പി. രാഹുൽ, എ. രാമകൃഷ്ണൻ, വി.കെ. രാജു, പി.എം. മജീദ്, പി.സി. മാത്യു, സിവിൽ ഡിഫൻസ് അംഗങ്ങളായ ജിതിൻ, പ്രശാന്ത്, ലക്ഷ്മണൻ, ശശിധരൻ, രാജേഷ് എന്നിവരാണ് തിങ്കളാഴ്ച പകൽ മുഴുവൻ തിരച്ചിൽ നടത്തിയത്.
പയ്യന്നൂർ ഡെപ്യട്ടി തഹസിൽദാർ ഇ.കെ. രാജന്റെ നേതൃത്വത്തിൽ റവന്യൂ അധികൃതരും ചെറുപുഴ പൊലീസും ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്സാണ്ടറും മറ്റു ജനപ്രതിനിധികളും സ്ഥലത്തെത്തി തിരച്ചിലിന് നേതൃത്വം നൽകി.