കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവള വികസനത്തിന് ഭൂമി ഏറ്റെടുക്കൽ നടപടി പുരോഗമിക്കുമ്പോൾ നെടിയിരിപ്പ് മേഖലയിൽനിന്നുള്ള പ്രതിഷേധം ശക്തമാകുന്നു. പൊതുജനങ്ങളെ കുടിയൊഴിപ്പിക്കുന്നതിനെതിരെ കഴിഞ്ഞ 10 ദിവസമായി നാട്ടുകാരുടെ ആഭിമുഖ്യത്തിൽ സായാഹ്ന സമരപ്പന്തലൊരുക്കി പ്രതിഷേധം തുടരുകയാണ്.
പാലക്കപറമ്പിൽ 10 ദിവസമായി തുടരുന്ന സമരത്തിന്റെ സമാപനമായി ജനകീയാഭിമുഖ്യത്തിലെ മനുഷ്യച്ചങ്ങല തീർക്കുമെന്ന് സംഘാടകർ അറിയിച്ചു. വിമാനത്താവള വികസനത്തിന്റെ പേരിൽ അശാസ്ത്രീയ ഭൂമി ഏറ്റെടുക്കലിനും കുടിയൊഴിപ്പിക്കലിനുമെതിരെയാണ് ജനകീയ പ്രതിഷേധം. ഭൂമി ഏറ്റെടുക്കാനുള്ള നിലവിലെ നീക്കം അംഗീകരിക്കില്ലെന്ന ഉറച്ച നിലപാടിലാണ് നാട്ടുകാർ. രണ്ടുതവണ പാലക്കാപറമ്പിൽ പരിശോധനക്ക് എത്തിയ ഉദ്യോഗസ്ഥസംഘത്തെ നാട്ടുകാർ തടഞ്ഞിരുന്നു.
റൺവേ സുരക്ഷിത മേഖലയായ റിസയുടെ വ്യാപ്തി വർധിപ്പിക്കുന്നതിന്റെ ഭാഗമായി 18 ഏക്കർ സ്ഥലമാണ് റൺവേയുടെ പടിഞ്ഞാറ്, കിഴക്ക് ഭാഗങ്ങളിൽ നിന്നായി ഏറ്റെടുക്കുന്നത്. കിഴക്ക് പാലക്കാപറമ്പിൽ ഏറ്റെടുക്കുന്ന എട്ട് ഏക്കർ ഭൂമിയുടെ ആദ്യഘട്ട പരിശോധനയാണ് ജനകീയ പ്രതിഷേധത്താൽ മുടങ്ങിയത്. നിരന്തരം നൽകുന്ന വാഗ്ദാനങ്ങളും ജനങ്ങളെ വിശ്വാസത്തിലെടുക്കാത്ത അശാസ്ത്രീയ പരിശോധനകളും അംഗീകരിക്കില്ലെന്ന് ചൂണ്ടിക്കാട്ടി പരിശോധനസംഘം എത്തുന്നതിനു മുമ്പുതന്നെ മേഖലയിൽ തദ്ദേശീയർ സംഘടിച്ചിരുന്നു. ഇതോടെ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ള പ്രാദേശിക രാഷ്ട്രീയപ്രതിനിധികൾ പരിശോധനയിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു. ജനപ്രതിനിധികളുടെ അഭാവത്തിൽ എത്തിയ ഉദ്യോഗസ്ഥസംഘം ഭൂമി ഏറ്റെടുക്കലിന്റെ പ്രാഥമികവശങ്ങൾ വിശദീകരിച്ചെങ്കിലും നേരത്തേ ഏറ്റെടുത്ത ഭൂമി ഉപയോഗപ്രദമാക്കാതെ തദ്ദേശീയരെ കുടിയിറക്കുന്ന നയം അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി നാട്ടുകാരുടെ കൂട്ടായ്മ രംഗത്തെത്തുകയായിരുന്നു.