മലപ്പുറം: നിലമ്പൂരിലെ ഒറ്റമൂലി വൈദ്യന്‍റെ കൊലപാതകക്കേസിൽ പിടിയിലാകാനുള്ള അഞ്ച് പ്രതികൾക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പ്രതികളെക്കുറിച്ച് കൂടുതല്‍ സൂചനകള്‍ ഒന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് നടപടി.
അതേസമയം, വൈദ്യനെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കാന്‍ ഉപയോഗിച്ച കത്തി വാങ്ങിയ കടയില്‍ കൂട്ടുപ്രതി നൗഷാദുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തി. ബില്ലിന്റെ പകര്‍പ്പ് കണ്ടെത്തി. ഷൈബിന്‍ അഷ്റഫിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് അപേക്ഷ നല്‍കി.
കേസില്‍ മൃതദേഹം വെട്ടി നുറുക്കാന്‍ ഉപയോഗിച്ച പുളിമരപ്പലകയുടെ കുറ്റി കണ്ടെത്തിയിരുന്നു. പൊലീസ് കസ്റ്റഡിയിലുള്ള പ്രതി നൗഷാദുമായി നിലമ്പൂര്‍ സിഐയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പുളിമരക്കുറ്റി കണ്ടെത്തിയത്. ഇത് കേസില്‍ നിര്‍ണായക തെളിവായി മാറുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. മരക്കുറ്റിയിലെ അവശിഷ്ടങ്ങള്‍ ഫോറന്‍സിക് പരിശോധനക്കയക്കും.
അതേസമയം തനിക്ക് മുന്‍കാലങ്ങളില്‍ ഒരു മുന്‍ പൊലീസ്യ ഉദ്യോഗസ്ഥന്‍ നിയമോപദേശം നല്‍കിയിരുന്നെന്ന് ഷൈബിന്‍ അഷ്റഫ് മൊഴി നല്‍കിയിരുന്നു. ഇയാള്‍ പൊലീസില്‍ എന്തെങ്കിലും തരത്തില്‍ സ്വാധീനം ചെലുത്തിയോ എന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കാന്‍ വയനാട് സ്വദേശിയായ ഈ മുന്‍ എസ്ഐയുടെ വീട്ടില്‍ പൊലീസ് എത്തിയെങ്കിലും സ്ഥലത്തുണ്ടായിരുന്നില്ല.
2019 ലാണ് മൈസൂർ സ്വദേശിയായ വൈദ്യൻ ഷാബാ ഷെരീഫിനെ പ്രവാസി വ്യവസായി നിലമ്പൂർ കൈപ്പഞ്ചേരി സ്വദേശി ഷൈബിൻ അഷ്‌റഫിന്റെ നേതൃത്വത്തിലെ സംഘം നിലമ്പൂരിലേക്ക് തട്ടിക്കൊണ്ടു വന്നത്. മൈസൂരിലെ ഒരു രോഗിയെ ചികിത്സിക്കാനെന്ന പേരിൽ ചികിത്സാ കേന്ദ്രത്തിൽ നിന്ന് വൈദ്യനെ കൂട്ടിക്കൊണ്ടു വന്ന ശേഷം നിലമ്പൂരിലെത്തിക്കുകയായിരുന്നു. മൂലക്കുരു ചികിത്സക്കുള്ള ഒറ്റമൂലി മനസിലാക്കി അത് വിപണനം ചെയ്യുകയായിരുന്നു മുഖ്യ പ്രതിയുടെ ലക്ഷ്യം.
കേസ് അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും കൊലപാതകവുമായി ബന്ധപ്പെട്ട് ഒരുപാട് കാര്യങ്ങളിൽ ഇനിയും വ്യക്തത വരാനുണ്ടെന്നും മലപ്പുറം എസ്.പി സുജിത്ത് ദാസ് വ്യക്തമാക്കി.