എറണാകുളം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ മത്സരചിത്രം വ്യക്തമായി. മൂന്ന് മുന്നണികളിലെ സ്ഥാനാർഥികൾ ഉൾപ്പടെ എട്ടുപേരാണ് മത്സരരംഗത്തുള്ളത്. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചു.
വോട്ടിംഗ് മെഷീനിൽ യുഡിഎഫ് സ്ഥാനാർഥി ഉമാ തോമസിന്റെ പേരാകും ആദ്യം വരിക. രണ്ടാമതായി എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫിന്റെ പേരുണ്ടാകും. എൻഡിഎ സ്ഥാനാർഥി എ.എൻ.രാധാകൃഷ്ണന്റെ പേര് വോട്ടിംഗ് മെഷീനിൽ മൂന്നാമതായിരിക്കും.
ഇവരെ കൂടാതെ ജോ ജോസഫിന്റെ അപരൻ ജോമോനുമുണ്ട്. ഇതോടെ മൂന്ന് മുന്നണി സ്ഥാനാർഥികൾ ഉൾപ്പടെ 5 സ്വതന്ത്രരടക്കം എട്ട് സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.
പരിസ്ഥിതി പ്രവര്ത്തകന് ജോണ്‍ പെരുവന്താനത്തിന്റേത് ഉള്‍പ്പെടെ 10 പേരുടെ നാമനിര്‍ദേശപത്രികകളാണ് തള്ളിയത്. തെരെഞ്ഞെടുപ്പ് കമ്മീഷന്റെ അയോഗ്യത നിലനില്‍ക്കുന്നതാണ് ജോണ്‍ പെരുവന്താനത്തിന്റെ പത്രിക തള്ളാന്‍ കാരണം.
എല്‍ഡിഎഫിന്റെ മൂന്ന് സെറ്റ് പത്രിക, യുഡിഎഫിന്റെ മൂന്ന് സെറ്റ്, എന്‍ഡിഎയുടെ രണ്ട് സെറ്റ്, സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെടെ ആകെ 18 പത്രികകളാണ് സമര്‍പ്പിച്ചിരുന്നത്. എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം ജോ ജോസഫിന്റെ അപരനെയും കൂടാതെ അനില്‍ നായര്‍, ബോസ്കോ കളമശേരി, മന്മഥന്, സിപി ദിലീപ് നായര്‍ എന്നിവരാണ് മത്സരരംഗത്തുള്ള മറ്റുള്ളവര്‍.
മണ്ഡലത്തിൽ മുന്നണി സ്ഥാനാർഥികളുടെ പ്രചരണം കൊഴുക്കുകയാണ്. മൂന്ന് മുന്നണികളുടെയും പ്രമുഖ നേതാക്കളെല്ലാം മണ്ഡലത്തിൽ ക്യാമ്പ് ചെയ്താണ് പ്രവർത്തനം നടത്തുന്നത്. എൽഡിഎഫിന്റെ പ്രചരണത്തിന്റെ ചുക്കാൻ പിടിക്കുന്നത് മുഖ്യമന്ത്രി തന്നെയാണ്. പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിലാണ് യുഡിഎഫിന്റെ പ്രവർത്തനം.