തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ട്വന്റി ട്വന്റി ഏത് മുന്നണിക്ക് പിന്തുണ നൽകുമെന്ന് തീരുമാനിക്കാൻ ഉടൻ പ്രത്യേക യോഗം ചേരുമെന്ന് ട്വന്റി ട്വന്റി ചീഫ് കോ ഓർഡിനേറ്റർ സാബു ജേക്കബ്. യോഗത്തിൽ ചർച്ച നടത്തി ആർക്കാണ് പിന്തുണ പ്രഖ്യാപിക്കുക എന്നത് തീരുമാനിക്കുമെന്നും അതിന് ശേഷം മാധ്യമങ്ങളെ കാണുമെന്നും സാബു അറിയിച്ചു.
ട്വന്റി ട്വന്റി തെരഞ്ഞെടുപ്പിൽ മത്സരിക്കാതെ ഭയന്നോടുകയാണെന്നാണ് ഇടതുമുന്നണിയിലെ എം.എൽ.എ ശ്രീനിജൻ അഭിപ്രായപ്പെട്ടത്.തുടർ ഭരണത്തിന്റെ വിലയിരുത്തൽ തന്നെയായിരിക്കും തെരഞ്ഞെടുപ്പ് ഫലം. നിലപാടുകളും സിൽവൻലൈൻ ഉൾപ്പടെയുള്ള വികസന കാഴ്ച്ചപ്പാടുകളും വിലയിരുത്തപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളം പിടിക്കാൻ നാലാം മുന്നണി പ്രഖ്യാപിച്ച് ആം ആദ്മിയും ട്വന്റി ട്വന്റിയും രംഗത്തെത്തിയതിന് പിന്നാലെ മുൻ എംഎൽഎ എം. സ്വരാജ് സഖ്യത്തിൽ പ്രതികരിച്ചിരുന്നു. ട്വന്റി 20 – ആം ആദ്മി സഖ്യത്തിന്റെ നിലപാടുകൾ ഇടത് പക്ഷ നിലപാടുകളോട് ചേർന്ന് നിൽക്കുന്നതാണെന്ന് എം സ്വരാജ് പറഞ്ഞു. തൃക്കാകരയിൽ അവർക്ക് ഇടതുപക്ഷത്തോടേ യോജിക്കാൻ കഴിയൂവെന്നും അദ്ദേഹം വ്യക്തമാക്കി.അതേസമയം മന്ത്രിമാർ തൃക്കാക്കരയിൽ ജാതി പറഞ്ഞ് വോട്ട് ചോദിക്കുന്നു എന്ന വി.ഡി സതീശന്റെ ആരോപണം ശുദ്ധ അസംബന്ധമാണെന്നും വി.ഡി. സതിശന്റേത് പരാജയപ്പെടും എന്ന ഭയം ഉണ്ടായപ്പോഴുള്ള വിലാപമാണെന്നും എം സ്വരാജ് പറഞ്ഞു.