വിദ്യാഭ്യാസസ്ഥാപനങ്ങളിലെ ഹിജാബ് വിലക്കുമായി ബന്ധപ്പെട്ട് വാർത്തകൾ ഇപ്പോഴും ചൂടുപിടിക്കുകയാണ്. ഇതിനിടയിൽ ജമ്മു കശ്മീരിലെ ഒരു സ്കൂളില് ഹിജാബ് പൂർണ്ണമായും നിരോധിച്ചു എന്ന് അവകാശപ്പെടുന്ന ചില പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ പോസ്റ്റിലെ വാദം തികച്ചും തെറ്റിദ്ധരിപ്പിക്കുന്നതാണ്. അധ്യാപകരെ മുഖം മറക്കുന്ന നിക്കാബ് ധരിക്കുന്നതിൽ നിന്നാണ് സ്ക്കൂൾ വിലക്കിയത്.വാർത്തയെ കുറിച്ച് കൂടുതൽ തിരഞ്ഞപ്പോൾ പോസ്റ്റിൽ പറയുന്നത് പോലെ ഹിജാബ് വിലക്കുമായി ബന്ധപ്പെട്ട സംഭവം നടന്നത് ഇന്ത്യൻ ആർമിയും ഒരു പ്രാദേശിക എൻ ജി ഓയും ചേർന്നുനടത്തുന്ന ഒരു സ്പെഷ്യൽ സ്കൂളിലാണ്. കശ്മീരിലെ ബാരാമുള്ള ജില്ലയിലാണ് ഡാഗർ പരിവാർ എന്ന ഈ സ്ക്കൂൾ സ്ഥിതിചെയ്യുന്നത്.
വാർത്താ റിപ്പോർട്ടുകൾ പ്രകാരം ഈ വിലക്ക് ഏർപ്പെടുത്തിയത് സ്ക്കൂളിലെ അധ്യാപകർക്ക് മാത്രമായിരുന്നു, വിദ്യാർത്ഥികൾ ഇതിൽ ഉൾപ്പെട്ടിരുന്നില്ല. ഡാഗർ പരിവാർ സ്ക്കൂൾ പ്രിൻസിപ്പൽ ഏപ്രിൽ 25ന് പുറത്തിറക്കിയ സർക്കുലറിൽ പറയുന്നത് ഇങ്ങനെ; ‘പരിവാർ സ്ക്കൂൾ വൈകാരികമായും ധാർമ്മികമായും പഠിക്കാനും വളരാനുമുള്ള ഇടമാണ്. സ്ക്കൂളിലെ സ്റ്റാഫ് എന്ന നിലയിൽ, ഓരോ പഠിതാവിനും സാധ്യമായ പരമാവധി വികസനം നൽകുക എന്നതാണ് പ്രധാന ലക്ഷ്യം. അതിനായി വിദ്യാർത്ഥികളുമായി വിശ്വാസ്യത സ്ഥാപിക്കുകയും അവർക്ക് സ്വാഗതവും സുരക്ഷിതത്വവും സന്തോഷവും തോന്നുകയും വേണം’. ഒരുപാട് മാധ്യമങ്ങൾ ഇത് വാർത്തയാക്കിയിരുന്നു. എന്നാൽ വിഷയം വിവാദമായതോടെ സ്ക്കൂൾ ഈ സർക്കുലർ പിൻവലിച്ചു. ഹിജാബ് അല്ല മറിച്ച് മുഖം മറക്കുന്ന നിഖാബാണ് സ്ക്കൂൾ നിരോധിക്കുന്നത് എന്ന് വ്യക്തമാക്കി ആർമി മറ്റൊരു സർക്കുലർ പുറത്തുവിട്ടു.
പ്രതിരോധ വക്താവ് എംറോൺ മുസാവി മാധ്യമങ്ങളോട് പറഞ്ഞതിങ്ങനെ: ‘ഹിജാബ് അല്ല നിഖാബ് ആണ് നിരോധിച്ചിട്ടുള്ളത്. ശ്രവണ വൈകല്യമുള്ള, പ്രത്യേക കഴിവുള്ള കുട്ടികൾക്കായുള്ള സ്ക്കൂളാണിത്. മുഖമുദ്രകൾ ഉപയോഗിച്ച് സ്വരസൂചകം പഠിപ്പിക്കണം. ഒരു ടീച്ചർ നിഖാബ് ധരിക്കുകയാണെങ്കിൽ അവർ എങ്ങനെ പഠിപ്പിക്കും, കുട്ടികൾ എന്ത് കാണും. അതുകൊണ്ടാണ് ഈ ഉത്തരവ് പാസ്സാക്കിയത്. സർക്കുലർ അധ്യാപകർക്ക് മാത്രമുള്ളതാണ്.” ഇതോടെ പ്രചാരത്തിലുള്ള പോസ്റ്റ് തെറ്റിധരിപ്പിക്കുന്നതാണെന്ന് ഇതോടെ വ്യക്തമായി.