കോഴിക്കോട്: മോഡൽ ഷഹാനയുടേത് തൂങ്ങിമരണം തന്നെയെന്ന് പോസ്റ്റ്മോർട്ടം പ്രാഥമിക നിഗമനം. രാസപരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിച്ചു. ശേഷം ഷഹാനയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
യുവതിയുടെ ദേഹത്ത് ചെറിയ മുറിവുകൾ ഉണ്ട്. ഇത് മർദനമേറ്റ് ഉണ്ടായതാണോയെന്ന് പരിശോധിക്കുമെന്ന് എസിപി സുദർശൻ പറഞ്ഞു. രാസപരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിച്ചു. ഭർത്താവ് സജാദ് ലഹരി ഉപയോഗിക്കുന്ന ആളാണെന്നും പൊലീസ് പറഞ്ഞു. കാസർഗോഡ് ചെറുവത്തൂർ സ്വദേശി ഷഹാന ഇന്നലെ രാത്രിയാണ് മരിച്ചത്.
കോഴിക്കോട് പറമ്പില്‍ ബസാറിലെ വാടക വീട്ടിലാണ് ഷഹാനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിൽ ഭർത്താവ് സജാദിനെ പൊലീസ് ചോദ്യം ചെയ്തു. ഷഹാന ജനൽ കമ്പിയിൽ തൂങ്ങി മരിച്ചെന്ന് സജാദ് മൊഴി നൽകിയിട്ടുണ്ട് . മരിച്ച സ്ഥലത്ത് സിഗററ്റ് കുറ്റികൾ ധാരാളമായി കണ്ടിരുന്നു. പൊലീസ് പരിശോധനയില്‍ സജ്ജാദിന്റെ മുറിയില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്തു.
അതേസമയം, മകളെ സജാദ് കൊന്നതാണെന്ന് ഷഹാനയുടെ ഉമ്മ ഉമൈബ ആരോപിച്ചു. പരസ്യ ചിത്രങ്ങളിൽ അഭിനയിച്ച വരുമാനത്തിനായി നിരന്തരം പീഡിപ്പിച്ചു. ഇക്കാര്യം ഷഹാന പലതവണ തന്നോട് പറഞ്ഞു. വിവാഹം കഴിഞ്ഞ് താമസിയാതെ നൽകിയ സ്വർണ്ണം മുഴുവൻ ഭർത്താവ് സജാദ് വിറ്റു. നൽകിയ പണവും ദൂർത്തടിച്ചുവെന്നും ഇവർ പറയുന്നു.
ഷഹനയും ഭർത്താവ് സജ്ജാദും തമ്മിൽ വഴക്കിട്ടിരുന്നുവെന്നും സിനിമയിൽ അഭിനയിച്ചതിന് ലഭിച്ച പ്രതിഫലത്തെ ചൊല്ലിയായിരുന്നു വഴക്കെന്നും പൊലീസ് പറഞ്ഞു. ചേവായൂർ പൊലീസും ഫോറൻസിക് സംഘവും സ്ഥലത്ത് പരിശോധന നടത്തി. ഷഹന കൊല്ലപ്പെട്ട വീട്ടിൽ മെഡിക്കൽ കോളജ് എ.സി.പി സുദർശനന്റെ നേതൃത്വത്തിൽ പരിശോധന നടത്തി.