തിരുവനന്തപുരം: കേരളത്തിൽ കാലവർഷം ഇത്തവണ നേരത്തെയെത്തും. മേയ് 27ന് കാലവർഷമെത്തുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇത് നാല് ദിവസം മുന്നോട്ടോ പിന്നോട്ടോ ആവാനുള്ള സാധ്യത കണക്കാന്നുണ്ട്. മേയ് 23 മുതൽ മഴയ്ക്ക് അനുകൂല സാഹചര്യമെന്നാണു നിഗമനം.
ഞായറാഴ്ചയോടു കൂടി കാലവർഷം ആൻഡമാൻ കടലിൽ എത്തിച്ചേരും. മുൻ വർഷങ്ങളെക്കാൾ ഇത്തവണ അധിക മഴ ലഭിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സാധാരണ ജൂൺ ആദ്യ ആഴ്ചയാണു കാലവർഷം കേരളത്തിലെത്തുന്നത്.
അതേസമയം, വരും മണിക്കൂറുകളിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേസമയം സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത.
ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ കിട്ടിയേക്കും. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.