കോഴിക്കോട്: ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടത്തിയ മലയാളി വ്ളോഗർ റിഫ മെഹ്നുവിന്റെ ദുരൂഹ മരണത്തിൽ ഭർത്താവ് മെഹ്നാസിനായി ലുക് ഔട്ട് നോട്ടീസ് ഇറക്കാനുളള നീക്കവുമായി അന്വേഷണ സംഘം. ചോദ്യം ചെയ്യലിന് ഹാജാരാൻ സമയം നൽകിയിട്ടും മെഹ്നാസിനെ എത്താത്തതിനാലാണ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കുക. റിഫയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടും രാസപരിശോധന ഫലവും അടുത്ത ദിവസം കിട്ടുമെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണക്കുകൂട്ടൽ.
വ്ളോഗർ റിഫയുടെ മരണത്തിൽ ദുരൂഹതയാരോപിച്ച് കുടുംബാംഗങ്ങൾ പരാതി നൽകിയതോടെയാണ് കേസന്വേഷിക്കുന്ന താമരശ്ശേരി ഡിവൈഎസ്പിയും സംഘവും കഴിഞ്ഞ ദിവസം കാസർകോട്ടുളള മെഹ്നാസിന്റെ വീട്ടിലെത്തിയത്. കുടുംബാംഗങ്ങളെയും സുഹൃത്തുകളെയും നേരിട്ട് കണ്ട് അന്വേഷണ സംഘം മൊഴിയെടുത്തെങ്കിലും മെഹ്നാസിനെ കണ്ടത്താനായില്ല. വ്യാഴാഴ്ചക്കകം കോഴിക്കോട്ടെത്തി അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ മെഹ്നാസിന് സമയം നൽകിയിരുന്നു. പക്ഷെ പെരുന്നാളിന് ശേഷം യാത്ര പോയ മെഹ്നാസ് ഇതുവരെ തിരിച്ചെത്തിയിട്ടില്ലെന്ന മറുപടിയാണ് മാതാപിതാക്കൾ നൽകിയത്.