ഇടുക്കി: ഇടുക്കിയില്‍ തൊടുപുഴ, കട്ടപ്പന, നെടുംങ്കണ്ടം, എന്നിവിടങ്ങളില്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ മത്സ്യവില്‍പ്പന ശാലകള്‍, ജൂസ് കടകള്‍, ഷവര്‍മാ കടകള്‍, ഹോട്ടലുകള്‍ എന്നീ സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ തൊടുപുഴയില്‍ 18 കിലോ പഴകിയ മീന്‍ മാവിന്‍ചുവട്, മുതലക്കോടം, കരിമണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്ന് കണ്ടെത്തി നശിപ്പിച്ചു.
മങ്ങാട്ടുകവലയിലെ ഒരു മത്സ്യവില്‍പ്പന ശാലയ്ക്ക് ലൈസന്‍സ് ഹാജരാക്കാത്തതിനാല്‍ പിഴയോടുകൂടിയുള്ള നോട്ടീസ് നല്‍കി. കരിമണ്ണൂര്‍, കട്ടപ്പന, തൊടുപുഴ, എന്നിവിടങ്ങളില്‍ നിന്ന് പാചകപ്പുര വൃത്തിഹീനമായ സാഹചര്യത്തില്‍ കണ്ട് മൂന്ന് സ്ഥാപനങ്ങള്‍ക്ക് പിഴയോടുകൂടിയുള്ള നോട്ടീസ് നല്‍കി. കട്ടപ്പന, നെടുംങ്കണ്ടം ഭാഗത്ത് നടത്തിയ 15 പരിശോധനകളില്‍ കട്ടപ്പന ഭാഗത്തുള്ള 3 തട്ടുകടകള്‍ക്ക് നോട്ടീസ് നല്‍കി. തൊടുപുഴയിലും കട്ടപ്പനയില്‍ നിന്ന് ഷെയ്ക്ക് വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങളില്‍ നിന്ന് 85 ഓളം കാലാവധി കഴിഞ്ഞ (യൂസ് ബൈ ഡേറ്റ്) പാല്‍ പായ്ക്കറ്റുകള്‍ നശിപ്പിച്ചു.
ജില്ലയില്‍ കഴിഞ്ഞ 2 ദിവസങ്ങളില്‍ കുമളി, വണ്ടിപ്പെരിയാര്‍, കുട്ടിക്കാനം, തൊടുപുഴ, കട്ടപ്പന എന്നിവടങ്ങളില്‍ നടത്തിയ 62 പരിശോധനകളില്‍ 11 സ്ഥാപനങ്ങള്‍ക്ക് വിവിധ ന്യൂനതകള്‍ക്കായി നോട്ടീസ് നല്‍കുകയും 7 സ്ഥാപനങ്ങള്‍ക്ക് പിഴയോടുകൂടിയുള്ള നോട്ടീസ് നല്‍കുകയും ചെയ്തു. ജില്ലയില്‍ ഇനിവരുന്ന ദിവസങ്ങളില്‍ ഓപ്പറേഷന്‍ മത്സ്യ, ഷവര്‍മാ കടകള്‍, ജൂസ് കടകള്‍ തുടങ്ങിയവയില്‍ പരിശോധനകള്‍ തുടരുന്നതാണെന്ന് ഭക്ഷ്യസുരക്ഷാ ഓഫീസര്‍ അറിയിച്ചു.
പരിശോധനാ സമയത്ത് ഭക്ഷ്യസുരക്ഷാ ലൈസന്‍സ് ഹാജരാക്കാത്ത സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുകയും പിഴ നല്‍കുകയും ചെയ്യും. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പാചകപ്പുര പ്രവര്‍ത്തിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കുമെന്നും
തൊടുപുഴ ഭക്ഷ്യസുരക്ഷാ ഓഫീസര്‍ ഷംസിയാ എം.എന്‍പറഞ്ഞു. പീരുമേട് ഭക്ഷ്യസുരക്ഷാ ഓഫീസര്‍ പ്രശാന്ത് എസ്. ഉടുമ്പന്‍ചോല ഭക്ഷ്യസുരക്ഷാ ഓഫീസര്‍ ആന്‍ മേരി ജോണ്‍സണ്‍ എന്നിവര്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി.