തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കെ.വി.തോസമസിനെ കോണ്‍ഗ്രസില്‍നിന്നു പുറത്താക്കിയെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ അറിയിച്ചു. തൃക്കാക്കര മണ്ഡലം എൽഡിഎഫ് തിരഞ്ഞെടുപ്പ് കൺവൻഷനിൽ കെ.വി.തോമസ് പങ്കെടുത്തതിനു പിന്നാലെയാണ് നടപടി. എഐസിസിയുടെ അനുമതിയോടെയാണ് നടപടിയെന്ന് സുധാകരൻ പറഞ്ഞു.
അതേസമയം, കോൺഗ്രസിൽ നിന്ന് പുറത്താക്കിയതിലുള്ള പ്രതികരണം നാളെ അറിയിക്കുമെന്ന് കെ.വി തോമസ് പ്രതികരിച്ചു.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർഥി ഡോ. ജോ ജോസഫിന് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് കെ.വി. തോമസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. കോൺഗ്രസ് നേതൃത്വത്തിന് തന്നെ പുറത്താക്കാൻ കഴിയുമെങ്കിൽ പുറത്താക്കട്ടെയെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.