കൊൽക്കത്ത: പശ്ചിമബംഗാൾ സർക്കാർ പ്രഖ്യാപിച്ച പ്രഥമ ബംഗ്ലാ അക്കാദമി പുരസ്‌കാരം മുഖ്യമന്ത്രി മമത ബാനർജിയ്ക്ക് ലഭിച്ചു. സാഹിത്യരംഗത്തെ സംഭാവനകൾക്കാണ് മുഖ്യമന്ത്രി മമത ബാനർജിക്ക് പ്രത്യേക പുരസ്‌കാരം നൽകാൻ തീരുമാനിച്ചിരിക്കുന്നത്. മമത ബാനർജിയുടെ ‘കബിത ബിതാൻ’ എന്ന പുസ്തകത്തിനാണ് സംസ്ഥാന പുരസ്‌കാരം ലഭിച്ചത്. 900-ലധികം കവിതകളുടെ സമാഹാരമാണ് ‘കബിത ബിതൻ.
തിങ്കളാഴ്ച ടാഗോറിന്റെ ജന്മവാർഷികത്തോട് അനുബന്ധിച്ച് സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ‘കവി പ്രണം’ പരിപാടിയിലാണ് സർക്കാർ പുരസ്‌കാരം സമ്മാനിച്ചത്. സംസ്ഥാനത്തെ മികച്ച എഴുത്തുകാരുടെ സമിതിയാണ് മമതയുടെ പേര് പുരസ്‌കാരത്തിന് തെരഞ്ഞെടുത്തതെന്ന് മന്ത്രി വ്യക്തമാക്കി. മമത വേദിയിലുണ്ടായിരുന്നെങ്കിലും മുഖ്യമന്ത്രിക്ക് വേണ്ടി സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ബ്രത്യ ബസുവാണ് അവാർഡ് ഏറ്റുവാങ്ങിയത്.