കൊളംബോ: ശ്രീലങ്കയില്‍ ആഭ്യന്തര കലാപം രൂക്ഷമായിരിക്കെ മുൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ ട്രിങ്കോമാലിയിലെ നാവിക താളവത്തില്‍ അഭയം തേടി. ഹെലികോപ്റ്ററില്‍ മഹിന്ദയേയും കുടുംബത്തേയും നാവിക താവളത്തിലെത്തിക്കുകയായിരുന്നു. മഹിന്ദ രാജ്യം വിടാതിരിക്കാന്‍ പ്രതിഷേധക്കാര്‍ വിമാനത്താവളങ്ങളില്‍ തമ്പടിക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.
ജനകീയ പ്രക്ഷോഭത്തെത്തുടർന്ന് മഹിന്ദ രാജപക്സെ തിങ്കളാഴ്ചയാണ് രാജിവച്ചത്. മഹിന്ദയുടെ രാജിക്കു പിന്നാലെ രാജ്യത്തിന്റെ വിവിധയിടങ്ങളിൽ കലാപം കത്തിപ്പടർന്നു. ഭരണകക്ഷി എംപി ഉൾപ്പെടെ മൂന്നു പേർ കലാപങ്ങളിൽ കൊല്ലപ്പെട്ടു.
രാജപക്സെയുടെ കൊളംബോയിലുള്ള സ്വകാര്യ വസതി പ്രതിഷേധക്കാർ കത്തിച്ചു. മുൻ മന്ത്രിമാരായ ജോൺസ്റ്റൺ ഫെർണാണ്ടോ, നിമൽ ലിൻസ, ഭരണകക്ഷി ട്രേഡ് യൂണിൻ നേതാവ് മഹിന്ദ കഹാൻദഗമഗെ എന്നിവരുടെ വീടുകൾ പ്രക്ഷോഭകർ ആക്രമിച്ചു. മേയർ സമൻ ലാൽ ഫെർണാണ്ടോയുടെ വീട് കത്തിച്ചു. പ്രക്ഷോഭകർക്കുനേരേയുണ്ടായ പോലീസ് വെടിവയ്പിൽ നിരവധി പേർക്കു പരിക്കേറ്റു. ബസുകൾക്കു നേരെ ആക്രമണമുണ്ടായി.
അതേസമയം, കലാപം അടിച്ചമർത്താൻ സൈന്യത്തിന് കൂടുതൽ അധികാരം നൽകി പ്രസിഡന്റ് ഗോത്തബയ രജപക്സെ. അനുരാധ പുരയിൽ രജപക്സെ കുടുംബവുമായി അടുപ്പം പുലർത്തുന്ന വ്യവസായ ഗ്രൂപ്പിന്റെ പഞ്ച നക്ഷത്ര ഹോട്ടലും കത്തിച്ചു. പ്രസിഡന്റ ഗോത്തബയ രജപക്സെയും അധികാരം ഒഴിയണമെന്നാണ് പ്രതിഷേധക്കാർ ആവശ്യപ്പെടുന്നത്. രജപക്സെ സഹോദരന്മാർ പൂർണ്ണമായി അധികാരം ഒഴിയും വരെ സർവകക്ഷി സർക്കാരിൽ ചേരില്ലെന്ന് പ്രതിപക്ഷവും ആവർത്തിക്കുന്നു.
ജനരോഷം കനത്തതോടെ പോലീസുകാർ ജോലിക്ക് ഇറങ്ങാൻ മടിക്കുകയാണ്. പ്രധാന പാതകളിൽ സൈന്യത്തെ വിന്യസിച്ചു. സമരക്കാരെ വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാനോ കസ്റ്റഡിയിൽ വെക്കാനോ ഉള്ള അധികാരവും പ്രസിഡന്റ് സൈന്യത്തിന് നൽകി. സ്ഥിതിഗതികൾ കൂടുതൽ വഷകളാകുന്നതിന് മുൻപ് പാർലമെന്റ് വിളിച്ചു ചേർക്കണമെന്ന് പ്രസിഡന്റ് ഗോതബായ രജപക്സെയോട് സ്പീക്കർ യാപ്പ അബെവർദ്ധന ആവശ്യപ്പെട്ടു.