പെരുന്നാൾ ദിവസം മലപ്പുറത്ത് നടന്ന ഒരു സദാചാര ഗുണ്ടായിസത്തിന്റെ വീഡിയോ എന്ന തരത്തിൽ ഒരു യുവാവിനെ ചിലർ കൂട്ടം കൂടി ആക്രമിക്കുന്നതിന്റെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ‘പെരുന്നാൾ ദിവസം മലപ്പുറത്ത് സദാചാരക്കാരുടെ അക്രമം, യുവാവിന്റെ ഭാവി ജീവിതത്തെ പോലും ബാധിച്ചു’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്. എന്നാൽ ദൃശ്യങ്ങൾ യഥാർത്ഥത്തിൽ നടന്ന സംഭവമല്ല. ഇത് സേവ് ദി ഡേറ്റിനായി നടത്തിയ ഒരു ഫോട്ടോഷൂട് ആണ്. പ്രചാരത്തിലുള്ള വീഡിയോ മുഴുവനായി പരിശോധിച്ചപ്പോൾ വീഡിയോയുടെ അവസാനഭാഗം “Save the Date” എന്ന് എഴുതിയിരിക്കുന്നത് കാണാനായി. ഈ പോസ്റ്റർ പ്രകാരം സായി രാജ്, പ്രിൻസി എന്നിവരുടെ കല്യാണത്തിന്റെ സേവ് ദ ഡേറ്റ് വീഡിയോ ആണെന്ന് വ്യക്തമായി.
അതേസമയം, റിപ്പോർട്ടർ ടി വി ഈ വീഡിയോയെക്കുറിച്ച് ഒരു വാർത്ത നൽകിയിരുന്നു. ‘സദാചാര പൊലീസ്’ തീമിൽ മലപ്പുറത്ത് ഒരു വറൈറ്റി സേവ് ദി ഡേറ്റ്. വീഡിയോ വൈറൽ’ എന്നാണ് റിപ്പോർട്ടർ ടി വി വീഡിയോയ്ക്കു നൽകിയിരിക്കുന്ന വിവരണം. മേയ് 15നാണ് വിവാഹം എന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. മീഡിയവിഷൻ ടിവി എന്ന പ്രാദേശിക ടി വി ചാനലും ഈ വീഡിയോ വാർത്തയാക്കിയിരുന്നു. വരനായ സായി രാജ് ജിന്റെ ഫേസ്ബുക് പ്രൊഫൈലും വീഡിയോ കാണാനായി. ഇതോടെ പ്രചാരത്തിലുള്ള വീഡിയോ സേവ് ദി ഡേറ്റിനു വേണ്ടി ചിത്രീകരിച്ചതാണെന്നും സദാചാര ഗുണ്ടായിസവുമായി ഇതിന് യാതൊരു ബന്ധവുമില്ല വ്യക്തമായി.