തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ സദാചാര പൊലീസ്ചമഞ്ഞ് ദമ്പതികളെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ യുവാവിനെ മുതുവിള അരുവിപ്പുറത്ത് മരിച്ച നിലയിൽ കണ്ടെത്തി.
വെഞ്ഞാറമൂട് കരിഞ്ചാത്തിയിൽ സോമന്റെയും രമയുടെയും മകൻ സുബിനാണ് (35) മരിച്ചത്. മുതുവിള അരുവിപ്പുറത്തുള്ള ബന്ധുവിട്ടിലെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ ഉച്ച കഴിഞ്ഞാണ് മൃതദേഹം കണ്ടത്.ഇക്കഴിഞ്ഞ രണ്ടിന് രാത്രിയാണ് കേസിനാസ്പമായ സംഭവം നടന്നത്. രാത്രിയിൽ ശ്രീ ഗോകുലം മെഡിക്കൽ കോളജിൽ നിന്നും ജോലി കഴിഞ്ഞിറങ്ങിയ നഴ്സായ യുവതിയെയും അവരെ കുട്ടിക്കൊണ്ടുപോകാനെത്തിയ ഭർത്താവിനെയും സദാചാര പൊലീസ് ചമഞ്ഞെത്തി സംഘം മർദ്ദിച്ച കേസിൽ ഒന്നാം പ്രതിയായിരുന്നു സുബിൻ. സംഭവത്തിൽ വെഞ്ഞാറമൂട് പൊലീസ് കേസ് എടുത്തതോടെ ഒളിവിലായിരുന്നു. ഇതിനിടയിലാണ് സുബിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
പാങ്ങോട് പൊലീസ് മേൽനടപടികൾ സ്വീകരിച്ച ശേഷം മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. കേസിലെ മറ്റൊരു പ്രതി സുരേഷ് നേരത്തെ അറസ്റ്റിലായിരുന്നു. സദാചാര പൊലീസ് കേസിൽ മറ്റൊരാൾകൂടി പ്രതിയായി ഉണ്ട്. വെഞ്ഞാറമൂട് സ്വദേശിയാണ് സുരേഷ്.