കോഴിക്കോട്: 2005ലെ കോഴിക്കോട് സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് കേസിൽ കോഴിക്കോട് സിജെഎം കോടതി ഇന്ന് വിധി പറയും.
ക്രൈം ബ്രാഞ്ചിന്റെ കോഴിക്കോട് യൂണിറ്റാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. കോഴിക്കോട്ടെ സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ചിന് രാജ്യാന്തര ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു.
കോഴിക്കോട് നഗരത്തിലെ സ്മാർട്ട് ടെക് എന്ന സ്ഥാപനത്തിന്റെ മറവിൽ സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് നടത്തിയ മൂന്നംഗ സംഘത്തെ 2005 സെപ്തംബറിലാണ് കസബ പോലീസ് അറസ്റ്റ് ചെയ്തത്. മുഹമ്മദ് റഫീഖ്, ഷഫീഖ്, സുബൈർ എന്നിവരാണ് പ്രതികൾ.
കോഴിക്കോട് ചിന്താവളപ്പ് റോഡിലാണ് സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് പ്രവർത്തിക്കുന്നതായി കണ്ടെത്തിയത്. വാടകയ്‌ക്കെടുത്ത കെട്ടിടത്തിലാണ് ജുറൈസ് ടെലിഫോൺ എക്‌സ്‌ചേഞ്ച് പ്രവർത്തിച്ചുവന്നിരുന്നത്.
വിദേശത്ത് നിന്നുള്ള ഫോൺ കോളുകൾ ലോക്കൽ കോളുകളാക്കി മാറ്റിയായിരുന്നു ടെലിഫോൺ എക്‌സ്‌ചേഞ്ചിന്റെ പ്രവർത്തനം. 94 ലക്ഷം രൂപ സർക്കാരിന് നഷ്ടമായെന്നാണ് കണക്ക്.