കൊച്ചി: നടി കാവ്യാ മാധാവന് ക്രൈംബ്രാഞ്ച് വീണ്ടും നോട്ടീസ് നൽകി. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട തുടരന്വേഷണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് അന്വേഷണസംഘം ആവശ്യപ്പെട്ടിരിക്കുന്നത്.
ഇന്ന് രാവിലെ 11 ന് ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ചാണ് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
ഹാജരാകുന്ന സ്ഥലം അറിയിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആലുവയിലെ വസതി പത്മ സരോവരത്തില്‍ ഹാജരാകാമെന്ന് കാവ്യ മറുപടി പറഞ്ഞതായാണ് വിവരം. ക്രൈംബ്രാഞ്ച് സംഘം ആലുവയിലെ വീട്ടിലെത്തിയേക്കും.
സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കേസില്‍ തുടരന്വേഷണം നടക്കുന്നത്.കേസുമായി ബന്ധപ്പെട്ട ശബ്ദരേഖകളും അന്വേഷണ സംഘം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.ശബ്ദരേഖയില്‍ കാവ്യയെക്കുറിച്ചും പരമാര്‍ശമുണ്ട്.ഇതേ തുടര്‍ന്ന് കാവ്യമാധാവനെ ചോദ്യം ചെയ്യണമെന്ന് അന്വേഷണ സംഘത്തിനുവേണ്ടി പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു.