കേരള നോളജ് എക്കണോമി മിഷന്റെ ഭാഗമായുള്ള ‘എന്റെ തൊഴില്‍ എന്റെ അഭിമാനം’ ക്യാമ്പയിന് തുടക്കമായി. ചെങ്ങന്നൂര്‍ ഐഎച്ച്ആര്‍ഡി കോളേജ് ഓഫ് എന്‍ജിനിയറിംഗില്‍ തദ്ദേശസ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഫിഷറീസ്, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അദ്ധ്യക്ഷനായി.
മന്ത്രിമാരും കുടുംബശ്രീ പ്രവര്‍ത്തകരും വീടുകളില്‍ ചെന്ന് എന്യുമറേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. കേരളത്തില്‍ ഒരു വൈജ്ഞാനിക സമ്പദ് വ്യവസ്ഥ സൃഷ്ടിക്കാനും, സംസ്ഥാനത്തെ മനുഷ്യവിഭവശേഷിക്ക് അനുയോജ്യമായ തൊഴിലവസരങ്ങള്‍ ലഭ്യമാക്കാനുമുള്ള അഭിമാന പദ്ധതിയാണ് നടപ്പാവുന്നത്. അഭ്യസ്തവിദ്യരായ തൊഴിലന്വേഷകരെ ആഗോള തൊഴില്‍ വിപണിയില്‍ നിന്നുള്ള അവസരങ്ങളുമായി കൂട്ടിച്ചേര്‍ക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
ആദ്യദിവസം 371186 തൊഴിലന്വേഷകരുടെ വിവരങ്ങള്‍ ശേഖരിച്ചു. 880 തദ്ദേശ സ്ഥാപനങ്ങളിലെ 548011 വീടുകള്‍ സന്ദര്‍ശിച്ചാണ് വിവരങ്ങള്‍ ശേഖരിച്ചത്. 69686 കുടുംബശ്രീ പ്രവര്‍ത്തകര്‍ ഇന്ന് എന്യൂമറേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. സര്‍വേ മെയ് 15വരെ തുടരും. തദ്ദേശ സ്ഥാപനങ്ങളുടെയും കുടുംബശ്രീയുടെയും നേതൃത്വത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ വീടുകളിലുമെത്തി തൊഴില്‍രഹിതരായ 18നും 59നും ഇടയിലുള്ള അഭ്യസ്ത വിദ്യരുടെ കണക്കെടുക്കും. കേരള ഡവലപ്‌മെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റജി കൗണ്‍സിലിനു (കെ-ഡിസ്‌ക്) കീഴില്‍ നോളജ് എക്കോണമി മിഷന്‍ സജ്ജമാക്കിയിട്ടുള്ള ഡിജിറ്റല്‍ വര്‍ക്‌ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റത്തെപ്പറ്റി തൊഴിലന്വേഷകരെ ബോധവല്‍ക്കരിക്കുന്നതിനും ഇതിലേക്ക് കൂടുതല്‍ ആളുകളെ ചേര്‍ക്കുന്നതിനുമായാണ് പ്രാദേശിക സര്‍ക്കാരുകളുടെ നേതൃത്വത്തില്‍ സര്‍വേ നടത്തുന്നത്.
‘എന്റെ തൊഴില്‍ എന്റെ അഭിമാനം’ ക്യാമ്പയിനിലൂടെ കണ്ടെത്തുന്ന തൊഴിലന്വേഷകരെ കൗണ്‍സിലിംഗ് ചെയ്യാന്‍ കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പുകളിലെ പരിശീലനം നേടിയവരെ നിയോഗിക്കും. ഇതിനായി ഷീ കോച്ച്‌സ് സംവിധാനം നടപ്പിലാക്കുമെന്ന് മന്ത്രി എം.വി.ഗോവിന്ദന്‍മാസ്റ്റര്‍ പറഞ്ഞു. തൊഴില്‍ ആവശ്യമുള്ള ഓരോരുത്തര്‍ക്കും കൗണ്‍സിലിംഗ് നല്‍കുന്നതിനായി കുടുംബശ്രീ പ്രവര്‍ത്തകരെ കണ്ടെത്തും. ഇവര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കി സജ്ജരാക്കും. ഇതിലൂടെയും ആയിരത്തോളം പേര്‍ക്ക് തൊഴില്‍ നല്‍കാനാവും. സര്‍വേയില്‍ വിവരം നല്‍കുന്ന ലക്ഷണക്കണക്കിന് ഉദ്യോഗാര്ഥികളെ ഈ കുടുംബശ്രീ പ്രവര്‍ത്തകരാകും ജോലിക്കായി തെരഞ്ഞെടുക്കുകയും നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നത്