കശ്മീരിൽ കഴിഞ്ഞദിവസമുണ്ടായ ഏറ്റുമുട്ടലിൽ ഭീകരസംഘടന ഹിസ്ബുൾ മുജാഹിദ്ദീന്റെ ശേഷിക്കുന്നവരിൽ തലമുതിർന്ന കമാൻഡറെ സുരക്ഷാ ഉദ്യോഗസ്ഥർ വധിച്ചിരുന്നു. ഈ പശ്ചാതലത്തിൽ ജമ്മുകാശ്മീരിൽ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ ഇന്ത്യൻ സൈന്യത്തിലെ കേണലും, മേജറും മറ്റ് മൂന്ന് സൈനികരും കൊല്ലപ്പെട്ടു എന്ന വാദം പ്രചരിച്ചിരുന്നു. “നിരവധി ഭീകരവിരുദ്ധ ഓപ്പറേഷൻ നടത്തിയിട്ടുള്ള കേണൽ അശുതോഷ് ശർമയും ഒരു മേജറുമടക്കം ഭാരതത്തിൻറെ അഞ്ച് ധീര സൈനികർ കശ്മീരിൽ വീരമൃത്യു വരിച്ചു. പ്രണാമം,” എന്ന പോസ്റ്റ് പല ഗ്രൂപ്പുകളിലും ആളുകൾ വ്യാപകമായി പങ്കുവെക്കുന്നുണ്ട്. എന്നാൽ പ്രചരിക്കുന്ന ഈ വാദം തികച്ചും തെറ്റിദ്ധരിപ്പിക്കുന്നതാണ്. യാഥാർത്ഥത്തിൽ കേണൽ അശുതോഷ് ശർമക്കും മറ്റ് നാല് സൈനികർക്കും ജീവഹാനി ഉണ്ടായ ഏറ്റുമുട്ടൽ നടന്നത് 2020ലാണ്.
കശ്മീരിൽ ഏറ്റവും ഒടുവിലായി സംഭവിച്ച സൈനിക നടപടികളുടെ വിവരങ്ങൾ പരിശോധിച്ചപ്പോൾ മെയ് ഏഴിന് പുറത്തുവന്ന മാധ്യമ റിപ്പോർട്ടുകൾ പ്രകാരം തെക്കൻ കാശ്മീരിലെ അനന്ത്നാഗിൽ വെള്ളിയാഴ്ച ഉണ്ടായ ഏറ്റുമുട്ടലിൽ ഹിസ്ബുൾ മുജാഹിദീന്റെ ജീവനോടെയുള്ള കമാൻഡർമാരിൽ ഏറ്റവും തലമുതിർന്നയാളെ സൈന്യം വധിച്ചു എന്ന് മനസ്സിലാക്കാനായി. മുഹമ്മദ് അഷ്റഫ് ഖാൻ (അഷ്റഫ് മൗലവി) എന്ന കമാൻഡർ അടക്കം മൂന്ന് ഭീകരരെയാണ് ജമ്മുകാശ്മീർ പോലീസും രാഷ്ട്രീയ റൈഫിൾസും ചേർന്ന് നടത്തിയ നടപടിയിൽ വധിച്ചത്. എന്നാൽ ഈ ഓപ്പറേഷനിൽ സൈനിക ഉദ്യോഗസ്ഥർക്കോ പോലീസുകാർക്കോ ജീവൻ നഷ്ടമായതിന്റെ റിപ്പോർട്ടുകൾ ലഭ്യമല്ല. തുടർന്നുള്ള അന്വേഷണത്തിൽ പ്രചരിക്കുന്ന ഫോട്ടോയിലുള്ള വ്യക്തി 21 രാഷ്ട്രീയ റൈഫിൾസിന്റെ (21RR) കമാൻഡിങ് ഓഫീസർ ആയിരുന്ന കേണൽ അശുതോഷ് ശർമ തന്നെയാണെന്ന് ഉറപ്പിക്കാനായി.
കശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ രക്തസാക്ഷിത്വം വഹിച്ച വ്യക്തിയാണ് കേണൽ അശുതോഷ്. എന്നാൽ ഇപ്പോൾ പ്രചരിക്കുന്ന പോസ്റ്റുകളിൽ അവകാശപ്പെടുന്നതുപോലെ ഇത് പുതിയ വാർത്തയല്ല. ഉത്തര കാശ്മീരിലെ ഹന്ദ്വാരയിൽ 2020 മെയ് മാസത്തിൽ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിലാണ് 44കാരനായ അശുതോഷിന് ജീവൻ നഷ്ടമായത്. അദ്ദേഹത്തിന്റെ റെജിമെന്റിലെ മേജറായിരുന്ന അനുജ് സൂദും മറ്റ് മൂന്ന് ഉദ്യോഗസ്ഥരും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. ഇന്ത്യയുടെ ഭീകര-വിരുദ്ധ നടപടികളുടെ മുന്നിൽ നിൽക്കുന്ന രാഷ്ട്രീയ റൈഫിൾസിന് 2000നുശേഷം നഷ്ടമാകുന്ന രണ്ടാമത്തെ കമാൻഡിങ് ഓഫീസർ ആയിരുന്നു കേണൽ അശുതോഷ് എന്നും മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. അതുകൊണ്ട് തന്നെ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ ജമ്മുകാശ്മീരിൽ കേണൽ അശുതോഷ് ശർമ എന്ന ഉദ്യോഗസ്ഥനും മറ്റു നാല് സൈനികരും രക്തസാക്ഷിത്വം വഹിച്ച വാർത്ത 2020ലേതാണെന്ന് വെക്തമായി.