റിയാദ്: സൗദി അറേബ്യയിൽ തൊഴിൽ, താമസ നിയമലംഘനങ്ങൾ കണ്ടെത്താനുള്ള പരിശോധനകൾ ശക്തമായി തുടരുന്നു. രാജ്യത്തിന്റെ വിവിധ മേഖലകളിൽ നിന്ന് ഒരാഴ്ചയ്ക്കിടെ 10,842 നിയമലംഘകരെ പിടികൂടി. സുരക്ഷാ സേനയുടെ വിവിധ യൂണിറ്റുകളുടെയും ജവാസത്തിന്റെയും സഹകരണത്തോടെ ഏപ്രിൽ 28 മുതൽ മേയ് നാല് വരെ നടത്തിയ ഫീൽഡ് പരിശോധനയിലാണ് ആഭ്യന്തര മന്ത്രാലയ അധികൃതർ ഇത്രയും പേരെ അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായവരിൽ 6,916 പേർ രാജ്യത്തെ താമസ നിയമങ്ങൾ ലംഘിച്ചവരാണ്. അതിർത്തി നിയമങ്ങൾ ലംഘിച്ചതിനാണ് 2,918 പേരെ പിടികൂടിയത്. 1,008 പേർ തൊഴിൽ നിയമ ലംഘനങ്ങൾക്കും അറസ്റ്റിലായി. അനധികൃതമായി സൗദി അറേബ്യയിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെ പിടിയിലായവരാണ് 352 പേർ. ഇവരിൽ 56 ശതമാനം പേർ യെമൻ സ്വദേശികളാണ്. 36 ശതമാനം പേർ എത്യോപ്യക്കാരും 8 ശതമാനത്തോളം മറ്റ് വിവിധ രാജ്യക്കാരുമാണ് പിടിയിലായവരിലുള്ളത്.
സൗദി അറേബ്യയിൽ നിന്ന് നിയമം ലംഘിച്ച് മറ്റ് അയൽ രാജ്യങ്ങളിലേക്ക് കടക്കാൻ ശ്രമിച്ച 103 പേരെയും അറസ്റ്റ് ചെയ്തു. നിയമലംഘകർക്ക് താമസിക്കാനും യാത്ര ചെയ്യാനുമുള്ള സംവിധാനങ്ങൾ ഒരുക്കിക്കൊടുത്ത 9 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
രാജ്യത്ത് നിയമലംഘകരെ പിടികൂടാനുള്ള പരിശോധന കർശനമാക്കിയതിന് ശേഷം പിടിയിലായി ശിക്ഷയ്ക്ക് വിധേയമായവരുടെ ആകെ എണ്ണം 84,915 ലെത്തി. ഇവരിൽ 80,938 പേർ പുരുഷന്മാരും 3,977 പേർ സ്ത്രീകളുമാണ്. പിടിക്കപ്പെട്ട വിദേശികളിൽ 73,585 പേരെ അവരുടെ യാത്രാരേഖകൾ ലഭിക്കുന്നതിന് അതത് രാജ്യത്തെ നയതന്ത്രകാര്യാലയ ഓഫീസുകളിലേക്ക് റഫർ ചെയ്തു.