ന്യൂഡല്‍ഹി: രാജ്യദ്രോഹ കുറ്റത്തിന്റെ സാധുത ശരിവച്ച അഞ്ചംഗ ഭരണഘടന ബെഞ്ച് വിധി പുനപരിധോധിക്കേണ്ടതില്ലെന്ന് കേന്ദ്രം. സുപ്രിംകോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. രാജ്യദ്രോഹ കുറ്റം നിലനില്‍ക്കുന്നതാണെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
രാജ്യദ്രോഹകുറ്റം നിലനിൽക്കുമെന്ന1962 ലെ കേദാർനാഥ് കേസിലെ വിധി പുനപ്പരിശോധിക്കേണ്ട സാഹചര്യമില്ല. കേദാർനാഥ് കേസിൽ രാജ്യദ്രോഹത്തിൻ്റെ നിയമസാധുത കോടതി മുൻപ് പരിഗണിച്ചതാണ്, അതിനാൽ വീണ്ടും മൂന്നംഗ ബെഞ്ച് ഇത് പരിശോധിക്കേണ്ട സാഹചര്യമില്ലെന്നും കേന്ദ്രം കോടതിയിൽ വാദം എഴുതി നൽകി. ചൊവ്വാഴ്ച സുപ്രീം കോടതി വിശാല ബഞ്ച് കേസിൽ വാദം കേൾക്കും.
രാജ്യദ്രോഹക്കുറ്റം നിലനിർത്തണമെന്ന് അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ വ്യാഴാഴ്ച്ച സുപ്രീംകോടതിയെ അറിയിച്ചിരുന്നു. രാജ്യദ്രോഹക്കുറ്റത്തിന്റെ ഭരണഘടനാ സാധുത പരിശോധിക്കാൻ വിശാല ബെഞ്ച് വേണ്ടെന്ന നിലപാടാണ് അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ കോടതിയിൽ സ്വീകരിച്ചത്. രാജ്യദ്രോഹ നിയമം ദുരുപയോഗം ചെയ്യുന്നതാണ് പ്രശ്നം. ദുരുപയോഗം ഒരു നിയമം റദ്ദാക്കുന്നതിനുള്ള കാരണമാകരുത്. നിയമം ദുരുപയോഗം ചെയ്യുന്നത് തടയുന്നതിന് മാർഗനിർദേശം കൊണ്ടുവരണമെന്നും എജി കോടതിയിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രം സുപ്രീംകോടതിയില്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
കേന്ദ്രത്തിന്റെ സത്യവാങ്മൂലം സുപ്രിംകോടതി ചൊവ്വാഴ്ച പരിഗണിക്കും.