തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ചൂടിലാണ് സംസ്ഥാനമിപ്പോൾ. പി.ടി തോമസ് എംഎല്‍എയുടെ മരണത്തോടെ ഒഴിവു വന്ന സീറ്റിലേക്ക് കോണ്‍ഗ്രസ് മത്സരിപ്പിക്കുന്നത് പി.ടിയുടെ ഭാര്യ ഉമ തോമസിനെയാണ്. എന്നാല്‍ സിപിഎം സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ ചില ട്വിസ്റ്റുകളുണ്ടായി. എറണാകുളം ജില്ലാ കമ്മറ്റിയംഗം കെ.എസ് അരുണ്‍ കുമാറായിരിക്കും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മുതിര്‍ന്ന പാര്‍ട്ടി അംഗങ്ങള്‍ ഇത് നിഷേധിക്കുകയും സ്ഥാനാര്‍ഥി പ്രഖ്യാപനം സര്‍പ്രൈസ് ആയിരിക്കും എന്നും പറഞ്ഞിരുന്നു. തൊട്ടുപിന്നാലെയാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡോ. ജോ ജോസഫാണെന്ന് പ്രഖ്യാപിച്ചത്. എന്നാല്‍ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്നത് ഡോ.ജോ ജോസഫ് മുന്‍പ് ട്വന്റി20 സ്ഥാനാര്‍ഥിയായിരുന്നുവെന്നാണ്. ‘തൃക്കാക്കരയിലെ സിപിഎം സ്ഥാനാര്‍ത്ഥി ജോ ജോസഫിന് ട്വിന്റി ട്വന്റിയിലാണ് അംഗത്വം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോതമംഗലത്തെ സ്ഥാനാര്‍ത്ഥി ‘ എന്നുള്ള കുറിപ്പിനൊപ്പം ആണ് പോസ്റ്റർ പ്രചരിക്കുന്നത്. എന്നാല്‍ ഈ പ്രചാരണം തികച്ചും തെറ്റിദ്ധരിപ്പിക്കുന്നതാണ്. ട്വന്റി-20ക്ക് വേണ്ടി മത്സരിച്ച ഡോ.ജോ ജോസഫല്ല സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫ്.
ട്വന്റി20യുടെ കോതമംഗലം സ്ഥാനാര്‍ഥിയായിരുന്ന ഡോ. ജോ ജോസഫിനെയാണ് സിപിഎം തൃക്കാക്കരയില്‍ മത്സരിപ്പിക്കുന്നത് എന്നാണ് പോസ്റ്റില്‍ പറയുന്നത്. അടുത്തിടെ കോണ്‍ഗ്രസില്‍ ചേര്‍ന്ന സിപിഎം അനുഭാവിയായിരുന്ന ചെറിയാന്‍ ഫിലിപ്പാണ് ഈ പോസ്റ്റ് ആദ്യം നല്‍കിയത്. എന്നാല്‍ അദ്ദേഹം പിന്നീട് ഇത് ഡിലീറ്റ് ചെയ്തിരുന്നു. ഇതിന്റെ സത്യാവസ്ഥ അറിയാൻ കോതമംഗംലം ഇലക്ഷന്‍ റിസള്‍ട്ടുകള്‍ പരിശോദിച്ചു. ജോ ജോസഫ് എന്ന പേരിലുള്ള സ്ഥാനാര്‍ഥിയാണ് ഇവിടെ ട്വന്റി20ക്ക് വേണ്ടി മത്സരിച്ചതെന്ന വിവരം വാര്‍ത്തകളിലുണ്ട്. കോതമംഗലത്തെ വോട്ടുനില അറിയുന്നതിന് ഇലക്ഷന്‍ കമ്മിഷന്‍ വെബ്‌സൈറ്റില്‍ പരിശോധിച്ചു. പോസ്റ്റിനൊപ്പം പ്രചരിക്കുന്ന വോട്ടു നില ശരിയാണ്. അതായത് ട്വന്റി20യുടെ ജോ ജോസഫിന് കോതമംഗലത്ത് 7978 വോട്ടുകള്‍ നേടാനായിരുന്നു.
എന്നാല്‍ ഇദ്ദേഹം അല്ല ഇപ്പോഴുള്ള എൽ ഡി എഫ് സ്ഥാനാർഥി ഡോ. ജോ ജോസഫ്. അദ്ദേഹം ഹൃദ്രോഗ വിദഗ്ധനാണ്. എറണാകുളം ലിസി ആശുപത്രിയിലെ കാര്‍ഡിയോളജിസ്റ്റാണ്. സംസ്ഥാനം വാടകയ്‌ക്കെടുത്ത എയര്‍ ആംബുലന്‍സിന്റെ ആദ്യ ദൗത്യത്തില്‍ തിരുവനന്തപുരത്തു നിന്ന് എറണാകുളം ലിസി ആശുപത്രിയിലേക്ക് ഹൃദയം എത്തിച്ച സംഘത്തിലുണ്ടായിരുന്ന ഡോക്ടര്‍മാരില്‍ ഒരാളാണ് ജോ ജോസഫ്. സിപിഎം ഇപ്പോള്‍ പ്രചാരണത്തിന് ഉപയോഗിക്കുന്നതും ഈ ചിത്രമാണ്. ഇരു സ്ഥാനാര്‍ഥികളുടെയും ഇലക്ഷന്‍ പോസ്റ്ററുകള്‍ താഴെ കാണാം. ലഭ്യമായ വിവരങ്ങളില്‍ നിന്ന് പ്രചരിക്കുന്ന പോസ്റ്റിലുള്ളതുപോലെ ട്വിന്റി20 സ്ഥാനാര്‍ഥിയായിരുന്ന ഡോ. ജോ ജോസഫല്ല തൃക്കാക്കരയിലെ സിപിഎം സ്ഥാനാര്‍ഥിയെന്ന് വ്യക്തമാണ്.