ഭോപാല്‍: വിവാഹപ്പാര്‍ട്ടിയില്‍ ഡിജെ കേട്ട് നൃത്തം ചെയ്യുന്നതിനിടെ 18കാരന് കുഴഞ്ഞ് വീണ് മരിച്ചു. മധ്യപ്രദേശിലെ ഉജ്ജയിൻ സ്വദേശി ലാല്‍ സിങ് ആണ് മരിച്ചത്. താജ്പൂറില്‍ നടന്ന സുഹൃത്തിന്റെ വിവാഹാഘോഷത്തിനിടെയായിരുന്നു സംഭവം നടന്നത്.
വിഡിയോ ചിത്രീകരിച്ചും നൃത്തം ചെയ്തുമെല്ലാം ഡി ജെ പാര്‍ട്ടി ആസ്വദിക്കുകയായിരുന്നു ലാല്‍. ഇതിനിടെ അപ്രതീക്ഷിതമായി ലാല്‍ ബോധരഹിതനായി നിലത്ത് വീണു. ഉടന്‍തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇവിടേനിന്ന് കൂടുതല്‍ സൗകര്യമുള്ള ആശുപത്രിയിലേക്ക് മാറ്റി. പക്ഷെ ഇവിടെ എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
കുട്ടിയുടെ ഹൃദയത്തില്‍ രക്തം കട്ടപിടിച്ചതാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ഹൃദയത്തില്‍ രക്തം കട്ടപിടിച്ച് ക്ലോട്ട് രൂപപ്പെടാന്‍ കാരണം ഉച്ചത്തിലുള്ള ശബ്ദമാണെന്ന് ഉജ്ജെയിന്‍ ആശുപത്രിയിലെ ഡോ. ജിതേന്ദര്‍ ശര്‍മ്മ വ്യക്തമാക്കി.