എല്ലാ മലയാളികൾക്കും ഏറെ സുപരിചിതയായ ഗായികയാണ് റിമി ടോമി. പാട്ടും അവതരണവും എല്ലാ എളുപ്പത്തിൽ വഴങ്ങുന്ന റിമി ടോമിയുടെ പല പാട്ടുകളും ടിവി പ്രോഗ്രാമുകളും ഏറെ ഹിറ്റാണ്. എന്നാൽ ഒരു ഓൺലൈൻ റമ്മിയുടെ പരസ്യത്തിൽ റിമി ടോമി പ്രത്യക്ഷപ്പെട്ടതിനെ തുടർന്നുള്ള സോഷ്യൽ മീഡിയ പ്രതിഷേധം ഇപ്പോഴും തുടരുകയാണ്.
മാർച്ച് മൂന്നിന് ജംഗിൾ റമ്മി ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലാണ് റിമി ടോമിയെ അപമാനിക്കുന്ന തരത്തിൽ കമന്റുകൾ നിറയുന്നത്. ഏറെ തട്ടിപ്പുകൾ നിറഞ്ഞ മേഖലയാണ് ഓൺലൈൻ റമ്മി. ഇതിന്റെ പരസ്യത്തിൽ അഭിനയിച്ചതിനാണ് താരത്തിനെതിരെ തെറിവിളിയുമായി നിരവധിപ്പേർ രംഗത്ത് വന്നത്. അതേസമയം, ഓൺലൈൻ റമ്മി ഇന്ത്യയിൽ നിരോധിച്ചിട്ടില്ല.
ഹണീ ബീ സിനിമയിലെ ഏറെ ഹിറ്റായ ഒരു പാട്ടും പാടികൊണ്ടാണ് റിമി പരസ്യം തുടങ്ങുന്നത്. മനസിന് ഏറെ ആശ്വാസം കിട്ടാനാണ് താൻ റമ്മി കളിക്കാൻ തുടങ്ങിയതെന്ന് റിമി പരസ്യത്തിൽ പറയുന്നു. 3 കോടിയിലേറെ ഓൺലൈൻ റമ്മി കളിക്കാർ ഈ ആപ്പിന് മാത്രം ഉണ്ടെന്ന് റിമി പറയുന്നു. സൂപ്പർ സീരീസ് മത്സരത്തിലെ വിജയിക്ക് 1.28 കോടി കിട്ടിയെന്നും ആകെ 30 കോടിയുടെ സമ്മാനങ്ങൾ ഉണ്ടെന്നും റിമി പറയുന്നു. തന്റെ ജീവിതം റമ്മി മാറ്റിമറിച്ചെന്ന് പറയുന്ന റിമി എല്ലാവരെയും റമ്മിയിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്യുന്നു.
പരസ്യത്തിനെതിരെ റിമിക്കെതിരെ ശക്തമായ പ്രതിഷേധമാണുള്ളത്. പണം കിട്ടിയാൽ എന്തും ചെയ്യും. കഞ്ചാവിന്റെ പരസ്യത്തിൽ പോലും അഭിനയിക്കും എന്ന തരത്തിലാണ് മിക്കവരും കമന്റ് ചെയ്തിരിക്കുന്നത്. സ്വന്തം ലാഭത്തിന് വേണ്ടി മറ്റുള്ളവരുടെ വയറ്റത്തടിക്കരുതെന്നും ചിലർ പറയുന്നു.
പാട്ട് പാടിയും അവതാരകയായും പണം ഉണ്ടാകുന്നില്ലേ. പിന്നെ എന്തിനാണ് ഇത്തരം തട്ടിപ്പ് പരസ്യങ്ങളിൽ അഭിനയിക്കുന്നതെന്നും ചിലർ ചോദിക്കുന്നു. അതേസമയം, വളരെ മോശപ്പെട്ട രീതിയിലും അവരെ അപമാനിക്കുന്ന തരത്തിലും ചിലർ കമന്റ് ചെയ്തിട്ടുണ്ട്. അവർക്കെതിരെ തെറിവിളികളും പോസ്റ്റിന് താഴെയായി ഉണ്ട്.
ഓൺലൈൻ റമ്മി പണക്കുരുക്ക് ആണെന്നും പറ്റിക്കപ്പെടുമെന്നും നിരവധി ആളുകൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്. രാജ്യത്ത് തന്നെ ഇത്തരം ഓൺലൈൻ റമ്മി കളികളിൽ വീണ് നിരവധി പേരുടെ ജീവിതം തന്നെ ഇല്ലാതായിട്ടുണ്ട്. ഈ ഏപ്രിൽ മാസത്തിൽ കോഴിക്കോട് സ്വദേശിയായ യുവതിയുടെ മരണത്തിന് പിന്നിലും ഓൺലൈൻ റമ്മിയുണ്ടാക്കിയ ബാധ്യതയാണെന്ന് ക്രൈം ബ്രാഞ്ച് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
https://www.facebook.com/plugins/video.php?height=476&href=https%3A%2F%2Fwww.facebook.com%2FJungleeRummy%2Fvideos%2F528056361996866%2F&show_text=false&width=380&t=0