ശ്രീനഗർ: ജമ്മു കാഷ്മീരിലെ അനന്ത്നാഗിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന മൂന്ന് ഭീകരരെ വധിച്ചു. ഹിസ്ബുൾ മുജാഹിദീൻ ഭീകരൻ അഷ്റഫ് മോൽവി ഉൾപ്പെടെയാണ് കൊല്ലപ്പെട്ടത്. ഇയാൾ വർഷങ്ങളായി മേഖല കേന്ദ്രീകരിച്ച് ഭീകരപ്രവർത്തനം നടത്തുകയായിരുന്നുവെന്നാണ് സുരക്ഷ സേന അറിയിക്കുന്നത്.
അമർനാഥ് യാത്രയ്ക്കായുള്ള റൂട്ടിലാണ് ഏറ്റുമുട്ടൽ. ഈ റൂട്ടിന്റെ സുരക്ഷ സംവിധാനങ്ങൾ സൈന്യം വിലയിരുത്തി വരുന്നതിനിടെയാണ് ഇവിടെ ഭീകരർ ഒളിച്ചിരിക്കുന്നതായി രഹസ്യവിവരം ലഭിച്ചത്. പിന്നാലെ നടന്ന തെരച്ചിലിനിടെയാണ് ഏറ്റുമുട്ടൽ നടന്നത്. അമർനാഥ് യാത്ര അട്ടിമറിക്കാനുള്ള ഭീകരുടെ നീക്കത്തിന് നൽകിയ കനത്ത തിരിച്ചടിയാണിതെന്ന് സൈന്യം അറിയിച്ചു.
കഴിഞ്ഞ ദിവസം അനന്തനാഗിൽ നിന്നും ഹിസ്ബുൾ ഭീകരനെ സുരക്ഷാ സേന പിടികൂടിയിരുന്നു. കഴിഞ്ഞ ആഴ്ചയും കാഷ്മീരിൽനിന്നും സൈന്യം ഭീകരരെ വധിച്ചിരുന്നു.