പാലക്കാട്: പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈർ വധക്കേസിൽ മൂന്നുപേർ കൂടി അറസ്റ്റിലായി. കൊലപാതകത്തിന്റെ ഗൂഢാലോചനയിൽ പങ്കെടുത്ത ആർ.എസ്.എസ് ജില്ലാ സഹകാര്യവാഹക് കൊട്ടേക്കാട് എസ് സുചിത്രൻ (32), ജില്ലാ കാര്യകാര്യ ദർശി പള്ളത്തേരി ജി. ഗിരീഷ് (41), മണ്ഡല കാര്യവാഹക് പി. കെ ചള്ള ആർ. ജിനീഷ് എന്ന കണ്ണൻ (24) എന്നിവരാണ് അറസ്റ്റിലായത്.
ഗൂഢാലോചന, സഹായം, കുറ്റകൃത്യം ഒളിപ്പിയ്ക്കൽ എന്നിവയാണ് ഇവർക്കെതിരെ ചുമത്തിയ കുറ്റങ്ങൾ. സുബൈറിനെ കൊലപ്പെടുത്താൻ സഞ്ജിത് മരിച്ച് 11 ദിവസത്തിനകം ആസൂത്രണം ചെയ്തിരുന്നതായി പൊലീസ് പറയുന്നു. ഇന്ന് മൂന്നു പേരെ കൂടി പിടികൂടിയതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി.
അതേസമയം, ആർ.എസ്.എസ് നേതാവ് ശ്രീനിവാസൻ വധക്കേസിൽ ഇന്നലെ ഒരാൾകൂടി അറസ്റ്റിലായിരുന്നു. പട്ടാമ്പി സ്വദേശി സാജിദാണ് അറസ്റ്റിലായത്. പ്രതികളുടെ വാഹനം പൊളിച്ച ആക്രിക്കട ഉടമയാണ് സാജിദ്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 21 ആയി.