അബുദാബി∙ പ്രവാസികളുടെ കുടുംബ ബജറ്റിന്റെ താളം തെറ്റിച്ച് അബുദാബിയിൽ 5% വരെ വാടക വർധന. 2 വർഷത്തെ ഇടവേളയ്ക്കുശേഷം വാടക കൂടിയതോടെ, ഗ്രാമീണ മേഖലകളിലേക്ക് ചേക്കേറുകയാണ് മലയാളികൾ അടക്കമുള്ളവർ. എന്നാൽ താമസം ഒഴിയുന്നവർ 2 മാസം മുൻപ് നോട്ടിസ് നൽകണമെന്ന് അധികൃതർ അറിയിച്ചു.
നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തെ മറികടക്കാനുള്ള വഴി തേടുന്നതിനിടയിലാണു വാടക വർധനയും ഉണ്ടായിരിക്കുന്നത്. നിലവിലെ വാർഷിക വാടകയിൽ 5% വരെയാണ് പലരും കൂട്ടിയത്. നഗര ഹൃദയഭാഗത്ത് 2 കിടപ്പുമുറിയുള്ള ഫ്ലാറ്റിന് 65,000 ദിർഹം മുതൽ 1,25,000 ദിർഹം വരെയാണ് ഇപ്പോഴത്തെ നിരക്ക്.
പ്രാന്തപ്രദേശങ്ങളിലേക്കു മാറുന്നതോടെ 50,000–80,000 ദിർഹത്തിന് ഭേദപ്പെട്ട ഫ്ലാറ്റുകൾ ലഭിക്കും. ഉൾപ്രദേശങ്ങളിലേക്കു മാറുകയാണെങ്കിൽ 38,000–55,000 ദിർഹം വരെയാണ് ശരാശരി നിരക്ക്. വില്ലകളിലെ മുറികൾ ചെറിയ കുടുംബങ്ങൾക്കു താമസിക്കാവുന്ന വിധമാക്കി മാറ്റി കുറഞ്ഞ വാടകയ്ക്ക് നൽകുന്നവരുമുണ്ട്. 3 വർഷത്തിനിടെ ചെലവ് ഇരട്ടിയോളം വർധിച്ചെങ്കിലും ശമ്പളത്തിൽ വർധനയില്ലാത്തത് തിരിച്ചടിയായതായി താമസക്കാർ പറയുന്നു.
ഇതുമൂലം ഉയർന്ന വാടകയുള്ള കെട്ടിടങ്ങളിൽ താമസിച്ചിരുന്ന പലരും വാടക കുറഞ്ഞ സ്ഥലങ്ങളിലേക്കോ സൗകര്യം കുറഞ്ഞ പഴയ കെട്ടിടങ്ങളിലേക്കോ മാറി താമസിക്കുകയാണ്. വാടകയിൽ ഭേദഗതി വരുത്തുന്ന വിവരം കെട്ടിട ഉടമകൾ രേഖാമൂലം 2 മാസം മുൻപ് കരാറുകാരെ അറിയിക്കണമെന്ന് അധികൃതർ വ്യക്തമാക്കി.