ന്യൂഡല്‍ഹി: കേരളത്തിൽ ലൗ ജിഹാദെന്ന പരാതിയിൽ ദേശീയ ന്യൂനപക്ഷ കമ്മീഷൻ റിപ്പോർട്ട് തേടി. 15 ദിവസത്തിനകം ചീഫ് സെക്രട്ടറി മറുപടി നൽകണമെന്ന് നിർദേശം നൽകി. ന്യൂനപക്ഷ മോർച്ച നൽകിയ പരാതിയിലാണ് ദേശീയ ന്യൂനപക്ഷ കമ്മീഷൻ്റെ നടപടി.
കേരളത്തോട് റിപ്പോർട്ട് തേടിയതിന് പിന്നാലെ ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ അടുത്ത മാസം കേരളം സന്ദർശിക്കും എന്നാണ് വിവരം. കേരള സന്ദർശനത്തിനിടെ ക്രിസ്ത്യൻ സഭാ അധ്യക്ഷന്മാരെ ചെയർമാൻ നേരിട്ടു കാണും.
കേരളത്തിൽ ലൗ ജിഹാദുണ്ടെന്ന ആരോപണങ്ങൾ പല കോണുകളിൽ നിന്നും ഉയർന്നിരുന്നു. കോഴിക്കോട് കോടഞ്ചേരിയിലെ ഡിവൈഎഫ്ഐ നേതാവിൻ്റെ മിശ്രവിവാഹം സംബന്ധിച്ച വിവാദങ്ങൾക്ക് പിന്നാലെയാണ് ലൗ ജിഹാദ് വിവാദം വീണ്ടും കേരളത്തിൽ ചർച്ചയായത്. പിതാവ് നൽകിയ ഹേബിയസ് കോർപ്പസ് ഹർജി പ്രകാരം കോടതിയിൽ ഹാജരായ പെൺകുട്ടി താൻ സ്വന്തം ഇഷ്ടപ്രകാരമാണ് യുവാവിനൊപ്പം പോയതെന്നും ഇപ്പോഴും സ്വന്തം മതത്തിൽ തുടരുകയാണെന്നും വ്യക്തമാക്കിയിരുന്നു.

















