തിരുവനന്തപുരം: അറിവിൻറെ കുടക്കീഴിലേക്ക് കുട്ടിക്കൂട്ടങ്ങളെ ഒത്തൊരുമിപ്പിക്കാൻ വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ “വിജ്ഞാനവേനൽ ‘ അവധിക്കാല ക്യാമ്പ് ഇന്നു മുതൽ. വിശ്വമഹാകവി രബീന്ദ്രനാഥ ടാഗോറിൻറെ ജന്മദിനമായ ഇന്ന് ആരംഭിച്ച് വൈലോപ്പിള്ളി ശ്രീധരമേനോൻറെ ജന്മദിനമായ മേയ് 11 ന് സമാപിക്കുന്ന വേനൽക്കാല കൂട്ടായ്മയിൽ പ്രഗത്ഭരും പ്രതിഭാധനൻമാരും കുട്ടികളോട് കൂട്ടുകൂടും. ഇന്നു രാവിലെ 10 ന് ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ.വി.മനോജ് കുമാർ വിജ്ഞാനവേനൽ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 6 ന് ഡോ. എം.ജി. ശശിഭൂഷൺ രബീന്ദ്രനാഥടാഗോർ അനുസ്മരണം നടത്തും.
വൈകിട്ട് 5.30 ന് അബ്രദിതാ ബാനർജിയുടെ രബീന്ദ്ര സംഗീതവും സ്വരാഞ്ജലി തിരുവന്തപുരത്തിൻറെ ഗീതാഞ്ജലി സംഗീതാവിഷ്ക്കാരവും നടക്കും. പള്ളിയറ ശ്രീധരൻ, പ്രമോദ് പയ്യന്നൂർ, ഗിരീഷ് പുലിയൂർ, ഹരികൃഷ്ണൻ, സുജിത്, വീണ മരുതൂർ, അഡ്വ. ശ്രീകുമാർ, പുതുശ്ശേരി ജനാർദ്ദനൻ, ഡോ. പി. ഹരികുമാർ, ജിതേഷ് ജി തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ അഞ്ചു ദിവസങ്ങളിലായി കുട്ടിക്കൂട്ടങ്ങൾക്കൊപ്പമുണ്ടാകും.
മേയ് 11 ന് രാവിലെ വൈലോപ്പിള്ളി ശ്രീധരമേനോൻ ജന്മദിനാചരണത്തിൻറെ ഭാഗമായി കുട്ടികൾക്കായി വൈലോപ്പിള്ളി കവിതാലാപന മത്സരം സംഘടിപ്പിക്കും. വൈകിട്ട് 5.30 ന് നടക്കുന്ന വൈലോപ്പിള്ളി ശ്രീധരമേനോൻ ജന്മദിനാചരണം ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറകട്ർ ഡോ പി.എസ്. ശ്രീകല ഉദ്ഘാടനം ചെയ്യും. പുരാരേഖ വകുപ്പ് ഡയറക്ടർ രജികുമാർ സംസാരിക്കും.
കവിതാലാപന വിജയികകൾക്ക് സമ്മാവിതരണവും നടത്തും.നാളെ (മേയ് 8 ന് ) വൈകിട്ട് 5.30 ന് മൈമേഴ്സ് ട്രിവാൻഡ്രത്തിൻറെ മാൻ വിത്തൗട്ട് വുമൺ എന്ന മൂകനാടകവും നടക്കും. മേയ് 9 ന് വൈകിട്ട് 5.30 ന് പുതുശ്ശേരി ജനാർദ്ദനനും സംഘവും അവതരിപ്പിക്കുന്ന നാടൻപാട്ട് രംഗാവതരണവും മേയ് 10 ന് വൈകിട്ട് 5.30 ന് സൗമ്യ സുകുമാരൻറെ മോഹിനിയാട്ടവും മേയ് 11 ന് വൈകിട്ട് 6.30 ന് ശ്രീനടരാജ് ഡാൻസ് അക്കാദമിയുടെ നൃത്തസന്ധ്യയും അരങ്ങേറും.
വിജ്ഞാനവേനലിൽ പങ്കെടുക്കുന്ന കുട്ടികൾ ഒരുക്കിയ ചിത്രങ്ങളുടെയും കരകൗശല വവസ്തുക്കളുടെയും പ്രദർശനം ദി ഗാലറി എന്ന പേരിൽ 11 ന് രാവിലെ 10 ന് സംഘടിപ്പിക്കും. വൈകിട്ട് മൂന്നിന് വിജ്ഞാനവേനലിലെ കുട്ടികൾ അണിയിച്ചൊരുക്കുന്ന കലാവിരുന്ന് “ശലഭച്ചിറകുകൾ’ അരങ്ങേറും. വൈലോപ്പിള്ളി സംസ്കൃതി ഭവൻ വൈസ് ചെയർമാനും ഗ്രാൻഡ് മാസ്റ്ററുമായ ജി.എസ്. പ്രദീപാണ് ക്യാമ്പ് ഡയറക്ടർ. ബ്രഹ്മനായകം മഹാദേവനാണ് ക്യാമ്പ് കോ ഓർഡിനേറ്റർ.