ദുബായ് ∙ ലോക സംസ്കാരങ്ങളെ ഒരു കുടക്കീഴിലാക്കി വിസ്മയിപ്പിച്ച ഗ്ലോബൽ വില്ലേജ് സീസൺ 26ന് നാളെ സമാപനം. ഇതോടനുബന്ധിച്ച് ഇന്ന് പുലർച്ചെ രണ്ടുവരെ കരിമരുന്നു പ്രയോഗം ഉണ്ടാകും. വിലപിടിപ്പുള്ള കാറുകൾ സമ്മാനമായി ലഭിക്കുന്ന നറുക്കെടുപ്പുകളിൽ ഇന്നുകൂടി പങ്കെടുക്കാം.
ഇറാഖ് ഉൾപ്പെടെ 26 രാജ്യങ്ങളുടെ പവിലിയനുകളാണ് ഇത്തവണയുണ്ടായിരുന്നത്. കൂടാതെ 80 രാജ്യങ്ങളിലെ സംസ്കാരങ്ങളും കാണാം. ഒക്ടോബർ 26ന് ആരംഭിച്ച ഗ്ലോബൽ വില്ലേജിലെ ഓരോ ദിനങ്ങളും സാഹസികതയുടെയും ഉല്ലാസത്തിന്റെയും അറിവിന്റേതുമായിരുന്നു.
ഇറാഖിന്റെ മെസപ്പൊട്ടോമിയൻ സംസ്കാരം വെളിപ്പെടുത്തുന്ന പവിലിയനും ഇതാദ്യമായി സജ്ജമാക്കി. നദികൾക്കിടയിലുള്ള സ്ഥലം എന്നാണ് ആ വാക്കിന്റെ അർഥം. യൂഫ്രട്ടീസ്, ടൈഗ്രിസ് നദികൾക്കിടയിലുള്ള ഫലഭൂയിഷ്ടമായ ഇറാഖിന്റെ സമ്പന്നമായ സംസ്കാരവും കലകളും കരകൌശലവസ്തുക്കളുമെല്ലാം ഇവിടെ കാണാം.