ഇന്ത്യൻ സിനിമ പ്രേക്ഷകർ കാത്തിരിക്കുന്ന കമൽ ഹാസന്റെ ‘വിക്രം റിലീസിന് മുൻപ് തന്നെ ചിത്രം 100 കോടി ക്ലബ്ബിൽ സ്ഥാനം പിടിച്ചു . ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച 3 നടന്മാർ ഒരുമിക്കുന്ന ചിത്രമെന്ന നിലയിൽ ‘വിക്രം’ പ്രഖ്യാപിച്ച നാൾ മുതൽ വലിയ പ്രതീക്ഷയാണ് നൽകുന്നത് . ഉലകനായകൻ കമൽ ഹാസനൊപ്പം തമിഴ് സൂപ്പർതാരം വിജയ് സേതുപതിയും ഫഹദ് ഫാസിലും അഭിനയിക്കുന്ന ചിത്രമെന്ന നിലയിൽ ‘വിക്രം’ ശ്രദ്ധ നേടിയിരുന്നു.
ജൂൺ 3 ന് തിയേറ്ററുകളിൽ എത്താനിരിക്കുന്ന ചിത്രത്തിന്റെ ഒടിടി റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറാണ്.100 കോടിയോളം രൂപയ്ക്കാണ് ഒടിടി പ്ലാറ്റ്‌ഫോം ചിത്രത്തിന്റെ ഓൺലൈൻ വിതരണാവകാശം സ്വന്തമാക്കിയതെന്നാണ് സൂചന. റിലീസിന് മുൻപ് തന്നെ നടന്ന ചിത്രത്തിന്റെ ഈ വമ്പൻ ഓൺലൈൻ കളക്ഷൻ പ്രേക്ഷകർക്കിടയിൽ വലിയ ആവേശമാണ്ഉണ്ടാക്കിയിരിക്കുന്നത്.ചിത്രത്തിന്‍റെ അഞ്ച് ഭാഷകളിലെയും ഒടിടി, സാറ്റ്ലൈറ്റ് അവകാശം ഡിസ്‍നിക്കാണ്. ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ഷിബു തമീൻസ് നേതൃത്വം നൽകുന്ന റിയാ ഷിബുവിന്റെ എച്ച് ആർ പിക്ചേഴ്സിനാണ്.
‘വിക്രം’ ജൂൺ 3 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തുമെന്ന് കമൽ ഹാസൻ നേരത്തെ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. റിലീസ് തീയതി പ്രഖ്യാപനത്തിനൊപ്പം ചിത്രത്തിന്റെ ഒരു മേക്കിംഗ് വിഡിയോയും നിർമ്മാതാക്കൾ പുറത്തുവിട്ടിരുന്നു.