സ്വയം ഇരയാകൽ വലിയ താത്പര്യമുള്ള നാടാണ് നമ്മുടേതെന്ന് നടി മംമ്താ മോഹൻദാസ്. ക്ലബ് എഫ് എം യു.എ.ഇയുടെ ടോക്ക് ഓഫ് ദ ടൗൺ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. സ്വയം ഇരയാകുന്നത് സ്ത്രീകൾ ഇഷ്ടപ്പെടുന്നുണ്ട്. എത്രകാലമാണ് ഇവർ ഇതേ പാട്ടുപാടിക്കൊണ്ടിരിക്കുകയെന്ന് അവർ ചോദിച്ചു.
‘സ്ത്രീയെന്ന രീതിയിൽ പല കാര്യങ്ങളിലും നമ്മൾ ബുദ്ധിശക്തി ഉപയോഗിക്കുന്നുണ്ട്. എന്തുകൊണ്ട് അതെല്ലാം വിട്ടിട്ട് ചില കാര്യങ്ങളിൽ നമ്മൾ വിമതശബ്ദമുയർത്തുന്നു’, അവർ ചോദിച്ചു. ‘ഈ തലമുറയിലെ സ്ത്രീകൾ ചില മാറ്റങ്ങൾക്ക് തുടക്കമിടുന്നുണ്ടെന്ന് ഞാനെപ്പോഴും പറയുന്നതാണ്. അതിൽ അഭിമാനിക്കണം.
ഇരയാണെന്ന രീതിയിൽ നിൽക്കാതെ സ്ത്രീയെന്ന നിലയിൽ അഭിമാനത്തോടെ, ഒരുദാഹരണമായി ജീവിക്കുകയാണ് വേണ്ടതെന്ന് അവർ പറഞ്ഞു.എനിക്കെതിരെ വരുന്ന വിമർശനങ്ങളിൽ തളരാറില്ല. വിമർശനമുന്നയിക്കുന്നവർക്ക് അവരുടേതായ കാരണങ്ങളുണ്ടാവുമല്ലോ. പിന്നെ എന്റെ കുടുംബമാണ് എന്റെ ശക്തി. അവർ തന്ന ശക്തമായ പിന്തുണയില്ലായിരുന്നെങ്കിൽ പല വിഷമസന്ധികളും ഞാൻ തരണം ചെയ്യില്ലായിരുന്നു. ഇരയാണെന്ന രീതിയിൽ ഞാനൊരിടത്തും സ്വയം പറയുകയോ പ്രവർത്തിക്കുകയോ ചെയ്തിട്ടില്ല’.
ഇന്ന് ആൺകുട്ടികളേക്കാൾ പ്രിവിലേജ് പെൺകുട്ടികൾക്കാണ് കിട്ടുന്നത്. പെൺകുട്ടികളാണിന്ന് കൂടുതൽ ആത്മവിശ്വാസം പുലർത്തുന്നത്. പെൺകുട്ടികളാണ് മിടുക്കി, ആൺകുട്ടി അത്ര പോര എന്നതാണ് ഇപ്പോൾ വീടുകളിൽ നിന്ന് കേൾക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.