ഹനുമാൻ ജയന്തി ഘോഷയാത്രക്കിടെ ഡൽഹിയിലെ ജഹാംഗീർപുരിയിൽ വർഗീയ കലാപമുണ്ടായിരുന്നു. എട്ട് പോലീസുകാരടക്കം അനവധിപേർക്ക് സംഘർഷത്തിൽ പരിക്കേറ്റിരുന്നു. സംഭവത്തെ തുടർന്ന് ജഹാംഗീർപുരിയിലെ സംഘർഷ പ്രദേശത്തെ വിദ്യാർത്ഥികളുടെ പഠന ചെലവ് ഏറ്റെടുക്കുമെന്ന് എസ്എഫ്ഐ അറിയിച്ചിരുന്നു. തുടർന്ന്, ഈ തീരുമാനത്തെ വിമർശിച്ചുകൊണ്ടും പരിഹസിച്ചുകൊണ്ടും പലവിധ പോസ്റ്റുകൾ സമൂഹമാധ്യമങ്ങൾ പ്രത്യക്ഷപ്പെട്ടിരുന്നു. എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസം സൗജന്യമായ ഡൽഹിയിൽ പഠന ചെലവുകൾ ഏറ്റെടുക്കുന്നു എന്നത് പിരിവ് നടത്താനുള്ള വിദ്യാർത്ഥി സംഘടനയുടെ അടവാണ് എന്നാണ് പലരും ആരോപിച്ചത്. ‘പിരിവിൽ വഞ്ചിതരാകാരുത്..!! ഡൽഹിയിൽ വിദ്യാഭ്യാസം പൂർണമായും സൗജന്യമാണ്….!!!!!!!!”, എന്ന കുറുപ്പിനൊപ്പം ആണ് പോസ്റ്റർ പ്രചരിക്കുന്നത്.
എന്നാൽ പോസ്റ്റിലെ വാദം തികച്ചും തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഡൽഹിയിലെ സർക്കാർ സ്കൂളുകൾ നാമമാത്ര ഫീസ് മാത്രമാണ് വാങ്ങുന്നത്. എന്നാലിത് സ്വകാര്യ സ്‌കൂളുകൾക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാധകമല്ല. കേരള മോഡൽ ഗുജറാത്ത് മോഡൽ എന്നിവ പോലെ പലപ്പോഴും മാധ്യമങ്ങളിൽ ചർച്ച ആവാറുള്ളതാണ് ഡൽഹി മോഡൽ സ്കൂൾ സമ്പ്രദായം. ഡൽഹിയിലെ സ്കൂളുകളെപ്പറ്റി പഠിക്കാൻ കേരള വിദ്യാഭ്യാസ വകുപ്പ് സംഘത്തെ അയച്ചു എന്ന് എഎപി എംഎൽഎ അദിഷിയുടെ ട്വീറ്റിനോട് വിദ്യാഭ്യാസമന്ത്രി ശിവൻകുട്ടി പ്രതികരിച്ചതും അടുത്തിടെ വാർത്തയായിരുന്നു.
ഡൽഹിയിൽ സ്കൂൾ വിദ്യാഭ്യാസം സൗജന്യം ആണോ എന്നറിയാൻ നടത്തിയ ഗൂഗിൾ കീവെർഡ് സെർച്ചിൽ 2018ൽ പ്രസിദ്ധീകരിച്ച ഒരു ഇന്ത്യാ ടുഡേ റിപ്പോർട്ട് കണ്ടെത്താനായി. ഡൽഹി വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്ന ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയ സർക്കാർ സ്കൂളുകളിൽ പന്ത്രണ്ടാം ക്ലാസ് വരെ വിദ്യാഭ്യാസം സൗജന്യമാക്കും എന്ന് പ്രഖ്യാപിക്കുന്നതായിരുന്നു വാർത്തയുടെ ഉള്ളടക്കം. പദ്ധതിപ്രകാരം ഡൽഹിയിലെ സർക്കാർ സ്കൂളുകളിൽ എട്ടാംക്ലാസ് വരെ ഫീസ് വാങ്ങുന്നില്ല എന്നും, ഒമ്പത് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾ 20 രൂപ ഓരോമാസവും ഫീസ് അടയ്ക്കണം എന്നും മനസ്സിലാക്കാനായി. പൊതുവിദ്യാലയങ്ങളിൽ നാമമാത്ര ഫീസ് മാത്രമാണ് കുട്ടികൾ നൽകേണ്ടതെന്ന് ഇതിൽനിന്ന് കണ്ടെത്താനായി. എന്നാൽ ഡൽഹിയിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്കൂളുകൾ ഫീസ് വാങ്ങുന്നുണ്ട്. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഫീസ് ഉയർത്തുന്നതുമായി ബന്ധപ്പെട്ട് 2022 ഏപ്രിലിൽ പോലും ഡൽഹിയിൽ വിവാദങ്ങൾ ഉണ്ടായിരുന്നു. ഇക്കാരണത്താൽ ഡൽഹിയിൽ വിദ്യാഭ്യാസം സമ്പൂർണ്ണമായും സൗജന്യമാണ് എന്ന് പറയാനാകില്ല എന്ന് വ്യക്തമാണ്.