കൊച്ചി: തൃക്കാക്കരയിലെ ഡോ.ജോ ജോസഫിന്റെ സ്ഥാനാർഥിത്വം തനിക്കു വെല്ലുവിളിയല്ലെന്ന് യുഡിഎഫ് സ്ഥാനാർഥി ഉമ തോമസ്. തൃക്കാക്കരയിലെ ജനങ്ങൾ യുഡിഎഫിനെ കൈവിടില്ലെന്നും പി.ടിയെ സ്നേഹിച്ച ജനങ്ങൾ ഒപ്പമുണ്ടെന്നും ഉമ തോമസ് പറഞ്ഞു.
‘ഏതു സ്ഥാനാർഥി ആയാലും അദ്ദേഹം യോഗ്യതയുള്ള ആൾ തന്നെയായിരിക്കും. അദ്ദേഹത്തെ ബഹുമാനിക്കുന്നു. തൃക്കാക്കരയിലെ പ്രബുദ്ധരായ വോട്ടർമാർ അവർക്ക് എന്തു വേണമെന്നു തിരഞ്ഞെടുക്കുമെന്ന് ഉത്തമമായി വിശ്വസിക്കുന്നു. പി.ടി.തോമസ് നൽകിയ സ്നേഹം അവർ തിരിച്ചു നൽകുമെന്നാണു പ്രതീക്ഷിക്കുന്നത്’– ഉമ തോമസ് പറഞ്ഞു.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ഉമ തോമസിന്റെ പരസ്യ പ്രചാരണത്തിനു തുടക്കമായി. മണ്ഡലത്തിലെ പ്രധാനപ്പെട്ട വ്യക്തികളെയും സ്ഥാപനങ്ങളും സന്ദർശിച്ചു കൊണ്ടാണ് പ്രചാരണ തുടക്കം. വൈറ്റില-കടവന്ത്ര മേഖലകളിലാണ് ഇന്നത്തെ പ്രചാരണം.