ഡെഹ്റാഡൂൺ: അന്തരിച്ച പിതാവിന്റെ ആഗ്രഹസഫലീകരണത്തിനായി ഒന്നരക്കോടി രൂപ വിലമതിക്കുന്ന ഭൂമി ഈദ്ഗാഹിനായി സംഭാവന ചെയ്ത് ഹിന്ദുസഹോദരിമാർ. ഉത്തരാഖണ്ഡിലെ ഉധംസിങ് നഗർ ജില്ലയിലെ കാശിപുർ ഗ്രാമത്തിൽനിന്നാണ് ഈ നല്ല മാതൃക. സഹോദരിമാരായ സരോജ്, അനിത എന്നിവരാണ് പിതാവ് ബ്രജ്നന്ദൻ പ്രസാദ് രസ്തോഗിയുടെ ആഗ്രഹം യാഥാർഥ്യമാക്കാൻ കൃഷിഭൂമി ഈദ്ഗാഹിനായി വിട്ടുനൽകിയത്.
2003 ജനുവരിയിലാണ് ബ്രജ്നന്ദൻ രസ്തോഗി അന്തരിച്ചത്. ഈദ്ഗാഹ് നടക്കുന്ന സ്ഥലം വിപുലപ്പെടുത്താൻ തന്റെ ഭൂമി വിട്ടുകൊടുക്കാനുള്ള ആഗ്രഹം അടുത്ത ബന്ധുക്കളിൽ ചിലരോട് രസ്തോഗി പങ്കുവെച്ചിരുന്നു. എന്നാൽ ഇക്കാര്യം മക്കളെ അറിയിക്കുന്നതിന് മുൻപേ അദ്ദേഹം മരിച്ചു. രണ്ടു പെൺമക്കളിൽ, സരോജ് ഡൽഹിയിലും അനിത മീററ്റിലുമാണ് താമസിക്കുന്നത്.
ഈയടുത്താണ് രസ്തോഗിയുടെ ആഗ്രഹത്തെ കുറിച്ച് ചില ബന്ധുക്കളിൽനിന്ന് സരോജും അനിതയും അറിഞ്ഞത്. തുടർന്ന് ഇവർ, കാശിപുരിൽ താമസിക്കുന്ന സഹോദരൻ രാകേഷ് രസ്തോഗിയുമായി ബന്ധപ്പെട്ടു. രാകേഷിന്റെ സമ്മതം തേടിയായിരുന്നു ഇത്. രാകേഷും അച്ഛന്റെ ആഗ്രഹം സഫലീകരിക്കുന്നതിനോട് യോജിപ്പ് അറിയിച്ചു. തുടർന്ന് സരോജും അനിതയും ഞായറാഴ്ച കാശിപുരിലെത്തി ഭൂമി കൈമാറുന്നതിനുള്ള നടപടികൾ പൂർത്തിയാക്കുകയും ചെയ്തു. ബ്രജ്നന്ദൻ രസ്തോഗിയോടുള്ള നന്ദി സൂചിപ്പിക്കുന്നതിന്റെ ഭാഗമായി ഈദിന് നടന്ന പ്രാർഥനയിൽ മുസ്ലിങ്ങൾ അദ്ദേഹത്തെ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു.