കൊച്ചി: തൃക്കാക്കര മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി തെരഞ്ഞെടുക്കപ്പെട്ട ഡോ. ജോ ജോസഫിനെ പരിചയപ്പെടുത്തി മന്ത്രി പി. രാജീവ്. എറണാകുളം ലിസി ആശുപത്രിയിലെ പ്രശസ്ത ഹൃദ്രോഗ വിദഗ്ദനായ ജോ ജോസഫ് സാമൂഹ്യ പ്രവർത്തകനും എഴുത്തുകാരനുമാണെന്ന് പി. രാജീവ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പി. രാജീവിന്റെ പ്രതികരണം
43 കാരനായ ഡോ. ജോ ജോസഫ് തൃക്കാക്കര മണ്ഡലത്തിലെ വാഴക്കാല സ്വദേശിയാണ്. കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും എം.ബി.ബി.എസ് ബിരുദം നേടിയ ഡോക്ടർ ജോ, കട്ടക്ക് എസ്.സി.ബി മെഡിക്കൽ കോളേജിൽ നിന്നും ജനറൽ മെഡിസിനിൽ എം.ഡിയും ദൽഹി ആൾ ഇന്ത്യ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും കാർഡിയോളജിയിൽ ഡി.എമ്മും നേടി.
എറണാകുളം ലിസി ആശുപത്രിയിലെ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ വിഭാഗത്തിന്റെ നേതൃ നിരയുടെ ഭാഗമാണ് അദ്ദേഹം. ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിനൊപ്പം നിരവധി ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയകൾക്ക് ഡോ. ജോ നേതൃത്വം നൽകിയൈന്നും പി. രാജീവ് പറഞ്ഞു.
പ്രോഗ്രസീവ് ഡോക്ടേഴ്‌സ് ഫോറത്തിന്റെ എറണാകുളം ജില്ലയിലെ പ്രവർത്തനത്തിന് നേതൃത്വം നൽകുന്ന ഡോക്ടർ ജോ ഹാർട്ട് ഫൗണ്ടേഷന്റെ ട്രസ്റ്റിയായി സാമൂഹ്യ സേവന പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിക്കുന്നു. ആനുകാലികങ്ങളിൽ ആരോഗ്യ പ്രശ്‌നങ്ങളെ സംബന്ധിച്ച് ലേഖനങ്ങൾ എഴുതാറുണ്ട്. ‘ഹൃദയപൂർവ്വം ഡോക്ടർ ‘ എന്ന പുസ്തകത്തിന്റെ രചിയിതാവാണ്. പ്രളയ കാലത്ത് നടത്തിയ പ്രവർത്തനങ്ങൾക്ക് പുരസ്‌കാരം ലഭിച്ചിട്ടുണ്ടെന്നും രാജീവ് വ്യക്തമാക്കി.
പൂഞ്ഞാർ കളപ്പുരയ്ക്കൻ കുടുംബാംഗമാണ്. കെ.എസ്.ഇ.ബി ജീവനക്കാരായിരുന്ന പരേതരായ കെ.വി. ജോസഫിന്റേയും ഏലിക്കുട്ടിയുടേയും മകനായി 1978 ഒക്ടോബർ 30ന് ചങ്ങനാശ്ശേരിയിൽ ജനിച്ചു. തൃശൂർ സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിലെ സൈക്യാട്രിസ്റ്റായ ഡോക്ടർ ദയാ പാസ്‌കലാണ് ഭാര്യ. കളമശേരി രാജഗിരി പബ്ലിക് സ്‌കൂളിലെ പത്താം ക്ലാസുകാരി ജവാൻ ലിസ് ജോ, ആറാം ക്ലാസുകാരി ജിയന്ന എന്നിവരാണ് മക്കളെന്നും രാജീവ് കൂട്ടിച്ചേർത്തു.