ന്യൂഡൽഹി: ഇന്നത്തെ ഇന്ത്യ പിന്നോട്ടോടുന്ന വിമാനമാണെന്നും അത് എവിടെയെങ്കിലും ഇടിച്ചു തകരുമെന്നും എഴുത്തുകാരി അരുന്ധതി റോയ്. സമ്പത്തും ഭൂമിയും വിതരണം ചെയ്യുകയെന്ന, അറുപതുകളിലെ വിപ്ലവാത്മകമായ നടപടികളിൽനിന്ന് അഞ്ചു കിലോ അരിയും ഒരു കിലോ ഉപ്പും നൽകി വോട്ടുനേടുകയെന്ന നിലയിലേക്ക് ഇന്നത്തെ രാഷ്ട്രീയ നേതാക്കൾ എത്തിയതെന്ന് അരുന്ധതി റോയ് കുറ്റപ്പെടുത്തി.
ജിഎൻ സായിബാബയുടെ കവിതകളുടെ പുസ്തകം പ്രകാശനം ചെയ്യുന്ന ചടങ്ങിലാണ് അരുന്ധതി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉയർത്തിയത്. ”പിന്നോട്ടു വിമാനമോടിക്കാൻ കഴിയുമോയെന്ന് അടുത്തിടെ സുഹൃത്തായ ഒരു പൈലറ്റിനോടു ഞാൻ ചോദിച്ചു. ഇവിടെ യഥാർഥത്തിൽ അതാണ് നടക്കുന്നത്. രാജ്യത്തെ നേതാക്കൾ വിമാനം പിന്നോട്ടു പറത്തുകയാണ്. തകർച്ചയിലേക്കാണ് നമ്മൾ പോയിക്കൊണ്ടിരിക്കുന്നത്”-അരുന്ധതി പറഞ്ഞു.
ഇവിടെ നമ്മൾ എന്താണ് ചെയ്യുന്നത്? 90 ശതമാനവും തളർന്ന, ഏഴു വർഷമായി ജയിലിൽ കഴിയുന്ന ഒരു പ്രൊഫസറെക്കുറിച്ചു സംസാരിക്കുകയാണ് നമ്മൾ. ഇനി നമ്മൾ അധികം സംസാരിക്കണമെന്നില്ല. ഈ രാജ്യം എത്തരത്തിലുള്ളതാണെന്ന് അറിയാൻ അതു മാത്രം മതിയാവും. ലജ്ജാകരമാണിത്- അരുന്ധതി പറഞ്ഞു.
90 ശതമാനം അംഗവൈകല്യമുള്ള സായിബാബയെ മാവോയിസ്റ്റ് ബന്ധത്തിന്റെ പേരിലാണ് കോടതി തടവുശിക്ഷയ്ക്കു വിധിച്ചത്. സായിബാബ രാജ്യത്തിനെതിരെ യുദ്ധം ചെയ്‌തെന്നാണ് മഹാരാഷ്ട്രയിലെ ഗഡ്ചിരോളി കോടതി പറഞ്ഞത്. യുഎപിഎ അനുസരിച്ച് സായിബാബയെ ശിക്ഷിച്ചതിനെത്തുടർന്ന് ഡൽഹി യൂണിവേഴ്‌സിറ്റി അദ്ദേഹത്തെ സർവീസിൽനിന്നു നീക്കിയിരുന്നു.
















