ജിഗ്നേഷ് മേവാനിക്ക് മൂന്നുമാസം തടവ് ശിക്ഷ.ഗുജറാത്തിലെ മെഹ്‌സാനയില്‍ പോലീസ് അനുമതിയില്ലാതെ റാലി നടത്തിയതിന് ജിഗ്നേഷ് മേവാനിയടക്കം ഒന്‍പതുപേര്‍ക്ക് മൂന്നുമാസം തടവ് ശിക്ഷ വിധിച്ചത്. മെഹ്‌സാന മജിസ്‌ട്രേട്ട് കോടതിയാണ് ശിക്ഷ വിധിച്ചത്. . ഉനയില്‍ ദളിത് വിഭാഗത്തില്‍പ്പെട്ട ചിലരെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച സംഭവത്തിന്റെ ഒന്നാം വാര്‍ഷിക ദിനത്തില്‍ മെഹ്‌സാനയില്‍ മേവാനിയും സംഘവും നടത്തിയ റാലിയാണ് കേസിന് ആസ്പദം. മേവാനിയുടെ സഹപ്രവര്‍ത്തകനായ ഒരാള്‍ രാഷ്ട്രീയ ദളിത് അധികാര്‍ മഞ്ച് എന്ന സംഘടനയ്ക്കുവേണ്ടി റാലി നടത്താന്‍ അനുമതി തേടിയിരുന്നു. മേവാനി സ്ഥാപിച്ച സംഘടനയാണിത്. 2017 ജൂലായില്‍ പോലീസ് അനുമതിയില്ലാതെയാണ് ഈ റാലി നടത്തിയത്. എന്‍സിപി നേതാവ് രേഷ്മ പട്ടേലും തടവ് ശിക്ഷ ലഭിച്ചവരില്‍ ഉള്‍പ്പെടുന്നു.
റാലി നടത്തുന്നത് തെറ്റല്ല എങ്കിലും അനുമതിയില്ലാതെ റാലി നടത്തുന്നത് തെറ്റ് തന്നെയാണെന്ന് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് ചൂണ്ടിക്കാട്ടി. നിയമലംഘനം പൊറുക്കാനാവില്ലെന്നും കോടതി പറഞ്ഞു
മെഹ്‌സാന എക്‌സിക്യൂട്ടീവ് മജിസ്‌ട്രേട്ട് ആദ്യം റാലിക്ക് അനുമതി നല്‍കിയിരുന്നുവെങ്കിലും പിന്നീട് പിന്‍വലിച്ചു. എന്നാല്‍ ഇത് വകവയ്ക്കാതെ സംഘാടകര്‍ റാലി നടത്തുകയായിരുന്നു. റാലിക്ക് അനുമതി തേടി ഉന്നത ഉദ്യോഗസ്ഥരെ സമീപിക്കുന്നതിന് പകരം സംഘാടകര്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേട്ടിന്റെ ഉത്തരവ് ലംഘിക്കാനാണ് ശ്രമിച്ചതെന്ന് കോടതി വ്യക്തമാക്കി. മെഹ്‌സാന പോലീസാണ് കേസെടുത്തത്. 12 പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ മുന്‍ പ്രസിഡന്റ് കനയ്യ കുമാര്‍ അടക്കമുള്ളവര്‍ റാലിയില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ വിചാരണ വേളയില്‍ അദ്ദേഹം ഹാജരാകാതിരുന്നതിനാല്‍ അദ്ദേഹത്തെ പിന്നീട് പ്രത്യേകം വിചാരണ ചെയ്യുമെന്ന് കോടതി വ്യക്തമാക്കി.
















