ദിലീപിനെ നായകനാക്കി ടിവി ചന്ദ്രൻ സംവിധാനം ചെയ്ത ചിത്രമാണ് കഥാവശേഷൻ. ദിലീപും സഹോദരൻ അനൂപും ചേർന്നാണ് 2004 ൽ ചിത്രം നിർമ്മിച്ചത്. ദിലീപിനോടൊപ്പം ജ്യോതിർമയി, വിജയരാഘവൻ, ഇന്ദ്രൻസ്, കൊച്ചിൻ ഹനീഫ എന്നിങ്ങനെ വൻ താരനിര ചിത്രത്തിൽ അണിനിരന്നിരുന്നു. താരസമ്പന്നമായിരുന്നുവെങ്കിലും സിനിമ വേണ്ടവിധം ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. അതേസമയം ‘കണ്ണുനട്ട് കാത്തിരുന്നിട്ടും’ എന്ന് തുടങ്ങുന്ന ചിത്രത്തിലെ ഗാനം ഏറെ ജനപ്രീതി നേടിയിരുന്നു. ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് എം.ജയചന്ദ്രൻ ഈണമിട്ട് പി. ജയചന്ദ്രനും വിദ്യാധരൻ മാസ്റ്ററും ചേർന്നാണ് ഗാനം ആലപിച്ചത്. ഇന്നും ആ ഗാനം പ്രേക്ഷകർ മൂളി നടക്കുന്നുണ്ട്.
ചിത്രത്തിൽ ഗോപിനാഥ മേനോൻ എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിച്ചത്. എന്നാൽ വേണ്ടവിധം ആ ക്യാരക്ടർ ചെയ്യാൻ നടന് കഴിഞ്ഞില്ല . ഇപ്പോഴിത ഈ ചിത്രത്തിന്റെ പരാജയത്തെ കുറിച്ച് പറയുകയാണ് സംവിധായകൻ സതീഷ് പൊതുവാൾ. കാസ്റ്റിംങ്ങിന്റെ പോരായ്മയാണ് പരാജയത്തിന്റെ കാരണമായി സംവിധായകൻ ചൂണ്ടി കാട്ടുന്നത്. മറ്റൊരു നടന് വേണ്ടി ഒരുക്കിയ ചിത്രത്തിലേയ്ക്ക് ദിലീപ് എത്തുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു. മാസ്റ്റർ ബിൻ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
സംവിധായകൻ സതീഷ് പൊതുവാളിന്റെ വാക്കുകൾ ഇങ്ങനെ…’ കാസ്റ്റിംഗിന്റെ പിഴവാണ് കഥാവശേഷന്റെ പരാജയത്തിന് കാരണം. സിനിമയുടെ തിരക്കഥ ഞാൻ നേരത്തെ വായിച്ചിരുന്നു. തുടക്കത്തിൽ മോഹൻലാലിനെയായിരുന്നു ഈ ചിത്രത്തിലേയ്ക്ക് പരിഗണിച്ചത്. എന്നാൽ ലാൽ സാറിനെ വെച്ച് അത് നടന്നില്ല. അദ്ദേഹം ആ കഥാപാത്രത്തിന് വളരെ കൃത്യമായിരുന്നു. മോഹൻലാൽ ആണ് ആ കഥാപാത്രം ചെയ്തിരുന്നുവെങ്കിൽ ആ സിനിമയുടെ കളറും കഥാപാത്രവും ആകെ മാറുമായിരുന്നു’; സതീഷ് പൊതുവാൾ പറഞ്ഞു.
‘താൻ ഈ സിനിമയിൽ വർക്ക് ചെയ്തിട്ടില്ലെങ്കിലും പിന്നീട് കാസ്റ്റിംഗ് പിഴവിനെ കുറിച്ച് സംവിധായകൻ ടിവി ചന്ദ്രനോട് പറഞ്ഞിരുന്നു. അദ്ദേഹത്തിനും ഇത് മനസ്സിലായിരുന്നു. വ്യത്യസ്തമായ സിനിമകൾ ചെയ്യുന്ന ആളാണ് ചന്ദ്രൻ. അതുകൊണ്ട് തന്നെ പെട്ടെന്നൊരു നിർമ്മാതാവിനെ കിട്ടാൻ വളരെ ബുദ്ധിമുട്ടാണ്. ഈ സമയം ദിലീപ് ഈ ചിത്രം നിർമ്മിക്കാമെന്നും പറഞ്ഞു’; സതീഷ് കൂട്ടിച്ചേർത്തു.
















