ഹൈദരാബാദ്: കല്യാണം കഴിഞ്ഞ് രണ്ടുമാസം മാത്രമായിരിക്കേ, ഹൈദരാബാദിൽ യുവാവിനെ കുത്തിക്കൊന്നു. ദുരഭിമാനക്കൊലയെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു. സംഭവത്തിൽ പിടിയിലായ പ്രതികൾ യുവാവിന്റെ ഭാര്യയുടെ ബന്ധുക്കളാണെന്ന് പൊലീസ് പറയുന്നു.
ഹൈദരാബാദിൽ സരൂർനഗർ തഹസിൽദാർ ഓഫീസിന് സമീപം ബുധനാഴ്ച രാത്രിയാണ് സംഭവം. ബൈക്കിലെത്തിയ അക്രമി നാഗ്‌രാജിനെ കുത്തി കൊല്ലുകയായിരുന്നു. അക്രമിയെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിന് പിന്നാലെ നാഗ്‌രാജിന്റെ കൊലപാതകത്തിന് പിന്നിൽ ഭാര്യയുടെ ബന്ധുക്കളാണ് എന്ന് ആരോപിച്ച് യുവാവിന്റെ കുടുംബാംഗങ്ങൾ പ്രതിഷേധിച്ചു.
രണ്ടുമാസം മുൻപാണ് 25 വയസ്സുള്ള നാഗ്‌രാജ് സയ്യിദ് അഷ്രിൻ സുൽത്താനയെ വിവാഹം കഴിച്ചത്. കോളജ് കാലത്തെ പ്രണയം വിവാഹത്തിൽ കലാശിക്കുകയായിരുന്നു. ഇതരമതത്തിൽപ്പെട്ടവർ ആയതിനാൽ ഇരുവർക്കും വീട്ടുകാരുടെ എതിർപ്പ് ഉണ്ടായിരുന്നു. തുടർന്ന് ആര്യസമാജ് മന്ദിരത്തിലാണ് ഇവർ വിവാഹിതരായത്. ഭാര്യയുടെ വീട്ടുകാർ നാഗ്‌രാജിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് യുവാവിന്റെ കുടുംബാംഗങ്ങൾ ആരോപിക്കുന്നു.
കാർ ഷോറൂമിൽ സെയിൽസ്മാനായിരുന്നു നാഗ്‌രാജ്. സംഭവത്തിന് പിന്നാലെ യുവാവിന്റെ മരണത്തിൽ നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രതിഷേധിച്ചു.
















