കൊച്ചി: സംവിധായകൻ സനൽകുമാർ ശശിധരൻ സോഷ്യൽ മീഡിയയിലൂടെ തനിക്കെതിരെ തുടർച്ചയായി അപവാദം പ്രചരിപ്പിച്ചെന്നും പിന്തുടർന്ന് ഭീഷണിപ്പെടുത്തി എന്നും പരാതി നൽകി നടി മഞ്ജു വാര്യർ .
കേസിൽ മഞ്ജുവിന്റെ മൊഴി രേഖപ്പെടുത്തി. തുടർന്ന് ഇളമക്കര പൊലീസ് സനൽ കുമാറിനെതിരെ കേസെടുത്തു. ഭീഷണിപ്പെടുത്തൽ, ഐടി ആക്ട് ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്.
ദിവസങ്ങൾക്കു മുൻപാണ് മഞ്ജു വാര്യരെക്കുറിച്ച് സനൽകുമാർ ഫേയ്സ്ബുക്കിൽ പോസ്റ്റിട്ടത്. മഞ്ജുവിന്റെ ജീവൻ തുലാസിലാണെന്നും അവർ തടവറയിലാണെന്നുമാണ് കുറിച്ചത്. വധഗൂഡാലോചനയുമായി ബന്ധപ്പെട്ട് മഞ്ജുവാര്യരുടെ മൊഴിയെടുത്തതിന് തൊട്ടുപിന്നാലെയാണ് രായ്ക്ക് രാമാനം അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതെന്നും മഞ്ജുവാര്യർ ഉൾപ്പെടെ ചില മനുഷ്യരുടെ ജീവൻ തുലാസിലാണ് എന്ന് ബലമായി സംശയിക്കുന്നു എന്നും സനൽകുമാർ പറഞ്ഞിരുന്നു.
ഇതിനു മുൻപും മഞ്ജു വാര്യർ തനിക്കെതിരെ പരാതി നൽകിയതായും ഫേയ്സ്ബുക്ക് കുറിപ്പിലൂടെ സനൽ കുമാർ വ്യക്തമാക്കിയിരുന്നു. മഞ്ജുവിനോടുള്ള താൽപ്പര്യം പറഞ്ഞുകൊണ്ട് ഇൻസ്റ്റഗ്രാമിൽ കുറിപ്പിട്ടതിനു പിന്നാലെയായിരുന്നു ഇത്.

















