ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ നൂറനാട്, പാലമേൽ, ചുനക്കര, താമരക്കുളം, തഴക്കര എന്നീ പഞ്ചായത്തുകളിൽ ഇന്ന് ഹർത്താൽ. ബുധനാഴ്ച വൈകിട്ട് ചാരുംമൂട്ടിൽ കോൺഗ്രസ് ഓഫീസിന് നേരെയുണ്ടായ അക്രമത്തിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. കൊടിമരത്തെ ചൊല്ലിയുള്ള തർക്കമാണ് സി.പി.ഐ-കോൺഗ്രസ് സംഘർഷത്തിൽ കലാശിച്ചത്.
ചാരുംമൂട് കോൺഗ്രസ് ഓഫീസിന് തൊട്ടടുത്ത് കഴിഞ്ഞ ദിവസം സി.പി.ഐയുടെ കൊടിമരം സ്ഥാപിച്ചിരുന്നു. ഇത് കോൺഗ്രസ് പ്രവർത്തകർ പിഴുതിട്ടു. ഇത് പിന്നീട് സി.പി.ഐ പ്രവർത്തകർ മൂന്ന് മീറ്റർ അകലേത്ത് മാറ്റി സ്ഥാപിച്ചിരുന്നു. എന്നാൽ ഓഫീസിന് സമീപത്ത് നിന്നും കൊടിമരം മാറ്റണമെന്ന നിലപാടിലായിരുന്നു കോൺഗ്രസ്. ഇതു സംബസിച്ച് നേതാക്കൾ ചെങ്ങന്നൂർ ആർ.ഡി.ഒ ക്ക് പരാതിയും നൽകിയിരുന്നു.
കൊടിമരം നീക്കം ചെയ്യുക എന്ന ലക്ഷ്യത്തോടെ കോൺഗ്രസ് പ്രവർത്തകരും കൊടിമരം സംരക്ഷിക്കാൻ സി.പി.ഐ പ്രവർത്തകരും സ്ഥലത്ത് നിലയുറപ്പിക്കുകയും മുദ്രാവാക്യം മുഴക്കുകയും ചെയ്തു. സ്ഥലത്തുണ്ടായിരുന്ന നൂറനാട് സി.ഐ സി.പി.ഐ പ്രവർത്തകരെ പിന്തിരിപ്പിക്കുന്നതിനിടെ കോൺഗ്രസ് പ്രവർത്തകർ കൊടിമരം നീക്കം ചെയ്യാൻ ശ്രമിച്ചത് സംഘർഷമുണ്ടാക്കി. തുടർന്ന് പ്രവർത്തകർക്ക് നേരെ പൊലീസിന് ലാത്തിവീരേണ്ടി വന്നു.
സംഭവത്തിൽ പൊലീസുകാരടക്കം 25 ഓളം പേർക്ക് പരുക്കേറ്റു.

















