തിരുവനന്തപുരം: തൃക്കാക്കര നിയമസഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്തി നിർണയവുമായി ബന്ധപ്പെട്ട വാർത്താ ചോർച്ചയില്‍ സിപിഎം സംസ്ഥാന നേതൃത്വം അതൃപ്തി. സ്ഥാനാർത്ഥിയായി പരിഗണിക്കുന്ന അഡ്വ എസ് അരുൺ കുമാറിന്റെ വ്യക്തിഗത വിവരങ്ങൾ കൈമാറിയതിലടക്കം വിമർശനമുണ്ട്.
പാർട്ടിയുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രഖ്യാപനം വരുന്നതിന് മുൻപ് ബയോഡാറ്റ മാധ്യമങ്ങൾക്ക് ലഭിച്ചിരുന്നു. സിപിഎം ജില്ലാ നേതൃയോഗത്തിലാണ് സംസ്ഥാന നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് അതൃപ്തി ഉയർന്നത്. സ്ഥാനാർത്ഥിയാരെന്ന് പാർട്ടിയും മുന്നണിയും ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുൻപ് അരുൺ കുമാറിന്റെ പോസ്റ്റർ സഹിതം പിവി ശ്രീനിജൻ എംഎൽഎ പ്രചരിപ്പിച്ചത് പാർട്ടി പരിശോധിക്കും. പോസ്റ്റർ വിവാദത്തിന് പിന്നാലെ പിവി ശ്രീനിജൻ പിൻവലിച്ചിരുന്നു.
തൃക്കാക്കരയിൽ അഡ്വ കെ എസ് അരുൺകുമാർ തന്നെ ഇടത് സ്ഥാനാർത്ഥിയാകാനാണ് സാധ്യത. ജില്ലാ കമ്മിറ്റി തീരുമാനം നാളെ ചേരുന്ന എൽഡിഎഫ് യോഗം അംഗീകരിച്ച ശേഷമാകും ഒദ്യോഗിക പ്രഖ്യാപനം. അതേസമയം മാധ്യമ വാർത്തകൾ ശരിയല്ലെന്നും സ്ഥാനാർത്ഥി ചർച്ച തുടരുകയാണെന്നും സിപിഎം നേതാക്കൾ വിശദീകരിച്ചു.

















